കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് കോഴിക്കോട് റെഡ് സോണിലാണെന്നിരിക്കെ നിയന്ത്രണങ്ങൾ കർശനമായി തുടരേണ്ടി വരുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. പൊതുജനങ്ങൾ പൂർണമായി സഹകരിക്കണം.
കൊവിഡ് ഭീഷണിയിൽ നിന്ന് പൂർണമുക്തമാകുന്നതിനും സാധാരണനില കൈവരിക്കുന്നതിനും ഈ നിയന്ത്രണങ്ങൾ അനിവാര്യമാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ അവിടം വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കിൽ ഇവർക്ക് ഭക്ഷണ സാധനങ്ങൾ വാർഡ് ദ്രുതകർമ്മ സേനാംഗങ്ങൾ വീടുകളിൽ എത്തിക്കും.
കൊവിഡ് പ്രതിരോധന പ്രവർത്തനങ്ങളുടെ പുരോഗതി മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം വിലയിരുത്തി. ജില്ലാ കളക്ടർ എസ്. സാംബശിവ റാവു, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീ, കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ. രാജേന്ദ്രൻ, സൂപ്രണ്ട് ഡോ.സജിത്ത് കുമാർ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റ്യൻ, എൻ.എച്ച്.എം പ്രോഗ്രാം മാനേജർ ഡോ.നവീൻ തുടങ്ങിയവർ സംബന്ധിച്ചു.