മുക്കം: കൊവിഡ് വ്യാപനം തടയാനുള്ള ജാഗ്രതാനിർദ്ദേശങ്ങൾ കാരശ്ശേരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർശനമായി നടപ്പാക്കുന്നതിനിടെ ഹൈദരാബാദിൽ നിന്നുള്ള നാലംഗ സംഘം തേക്കുംകുറ്റിയിൽ നിരീക്ഷണത്തിൽ തങ്ങിയതിനെച്ചൊല്ലി വിവാദം. സംഘത്തിലെ യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപെട്ട് ചികിത്സ തേടേണ്ടി വന്നതോടെ പരിസരവാസികളിൽ ആശങ്ക പടർന്നിരിക്കുകയാണ്.
തേക്കുംകുറ്റിയിലെ പൊതുപ്രവർത്തകന്റെ ബന്ധുവിന്റെ കൂടെ ഹൈദരാബാദിൽ നിന്നു വന്നവരിൽ കണ്ണൂർ പയ്യന്നൂർ സ്വദേശികളായ യുവദമ്പതികളുമുണ്ടായിരുന്നു. സർക്കാരിന്റെ അനുമതിയോടെയാണ് വന്നതെന്നും ഇവിടെ എത്തിയ ശേഷം ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം പാലിച്ചാണ് ക്വാറന്റൈനിൽ താമസിച്ചതെന്നും ഇവർ പറയുന്നു. ഒരാഴ്ച പിന്നിട്ടപ്പോൾ സംഘാംഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായപ്പോൾ ദമ്പതികളെ ശനിയാഴ്ച രാത്രി നോർത്ത് കാരശ്ശേരിയിലെ ഒരു വീട്ടിലേയ്ക്ക് മാറ്റി. ഇന്നലെ രാവിലെ യുവതിയ്ക്ക് തല കറക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടർന്ന് ചെറുവാടി സി.എച്ച്.സി യിലെ ഡോ.മനുലാൽ എത്തി പരിശോധിച്ചു. തുടർന്ന് ആംബുലൻസ് വരുത്തി രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. വിദഗ്ദപരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിൽ തുടരാൻ നിർദ്ദേശിച്ച് ഇവരെ പയ്യന്നൂരിലെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
ഹൈദരാബാദിൽ നിന്ന് തേക്കുംകുറ്റി വരെ എത്താൻ ഒരാൾക്ക് ലഭിച്ച അനുമതിയുടെ മറവിൽ നാലു പേർ യാത്ര ചെയ്തതുൾപ്പെടെ നാട്ടുകാരിൽ സംശയമുയർത്തുകയാണ്. എന്നാൽ സംഭവത്തിൽ സംശയിക്കാൻ ഒന്നുമില്ലെന്നും യു.ഡി.എഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ നടത്തുകയാണെന്നും പഞ്ചായത്ത് സാരഥികൾ പറയുന്നു.