വടകര: ഏറാമല പഞ്ചായത്തിലെ കുന്നുമ്മക്കര പയ്യത്തൂരിൽ വിദേശത്തു നിന്നെത്തിയ യുവാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ മേഖലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.
രണ്ടാം വാർഡിലേക്കുള്ള റോഡുകൾ അടച്ചു. ഈ ഭാഗങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാവും. കുന്നുമ്മക്കര ടൗണിൽ 11 മണി വരെ മാത്രമെ കടകൾ തുറക്കൂ. ഓർക്കാട്ടേരി ടൗണിലെ കച്ചവട സ്ഥാപനങ്ങൾ 2 മണി വരെയുണ്ടാവും. മെഡിക്കൽ ഷോപ്പുകൾ 5 മണി വരെയും.
വിദേശ രാജ്യങ്ങളിൽ നിന്നു വന്നവർ മേയ് 3 വരെ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം. ഒന്ന്, രണ്ട്, പതിനാറ് വാർഡുകളിൽ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്.
അഗ്നിശമന സേനയുടെ സഹായത്തോടെ ഓർക്കാട്ടേരി, കുന്നുമ്മക്കര ടൗണുകൾ അണുവിമുക്തമാക്കാൻ പ്രസിഡന്റ് എം.കെ. ഭാസ്കരന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വാർഡുകളിലെ ആർ.ആർ.ടി അംഗങ്ങളുടെ യോഗം വിളിച്ചുചേർക്കും. ഈ വാർഡുകളിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവ ആർ.ആർ.ടി അംഗങ്ങൾ എത്തിക്കും.