ബാലുശ്ശേരി: വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി മടങ്ങവെ കാട്ടുപന്നിയുടെ കുത്തേറ്റ് കരുമല കോമ്പിൽ ഉണ്ണിമാധവന് ( 64 ) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാവിലെ എട്ടരയോടെ കരുമല അങ്ങാടിയിൽ നിന്നു മടങ്ങുമ്പോൾ ചൂരക്കണ്ടി റോഡിൽ വെച്ചാണ് സംഭവം. അഞ്ചിലേറെ പന്നികൾ കൂട്ടത്തോടെ പിറകിൽ നിന്ന് പാഞ്ഞെത്തിയപ്പോൾ ഇദ്ദേഹം തൊട്ടടുത്തുള്ള വളപ്പിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഒരു പന്നി കുത്തി വീഴ്ത്തുകയാണുണ്ടായത്. ഉണ്ണിമാധവന്റെ കരച്ചിൽ കേട്ട് പരിസരവാസികൾ ഓടിക്കൂടി ഒച്ചയുണ്ടാക്കിയതോടെ പന്നികൾ ഓടി മറയുകയായിരുന്നു. വലതുകാലിന്റെ മുട്ടിനു മീതെയാണ് പരിക്ക്.
കാട്ടുപന്നികളുടെ ശല്യം കാരണം തേനാക്കുഴി, കരുമല, കോമ്പിൽ ഭാഗങ്ങളിലെ ജനങ്ങൾ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. ഇവയുടെ ആക്രമണം ഭയന്ന് രാത്രി പുറത്തിറങ്ങാൻ മടിക്കുകയാണ്. പലപ്പോഴും പകൽനേരത്തും ഇവയുടെ വാഴ്ചയാണ്.
കാട്ടുപന്നികളുടെ അതിക്രമത്തിൽ ലക്ഷങ്ങളുടെ കൃഷിനാശം സംഭവിച്ചിട്ടുണ്ട്.