mobile

കോഴിക്കോട്: ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ഞായറാഴ്ച ജില്ലയിൽ തുറന്ന മൊബൈൽ, എ.സി കടകളിലേക്ക് ജനപ്രവാഹം. സാമൂഹിക അകലം പാലിക്കാൻ എല്ലാ കടകളിലും ആളുകളെ നിയന്ത്രിച്ചു പ്രവേശിപ്പിക്കുകയായിരുന്നു. ജില്ലയിലെ മിക്ക കടകളും ഞായറാഴ്ച തുറന്നു.

 ആവശ്യക്കാർ എ.സിയ്‌ക്കും ഫാനിനും

മീനച്ചൂട് കാരണം എ.സി.ക്കും ഫാനിനുമാണ് ആവശ്യക്കാരേറെയെന്ന് കടയുടമകൾ പറയുന്നു. മിക്ക കടകളിലും 70 - 80 ശതമാനം വില്പനയും എ.സിയ്‌ക്കും ഫാനിനുമാണ്. റഫ്രിജറേറ്ററിനും വില്പപന കൂടി. മിക്‌സി, ഗ്രൈൻഡർ എന്നിവയ്‌ക്കും ആവശ്യക്കാരെത്തി.

 മൊബൈൽ വാങ്ങാനും തിരക്ക്

ലോക്ക് ഡൗൺ കാലത്തെ പ്രധാനപ്പെട്ട വിനോദ മാർഗം മൊബൈലാണ്. പലരും വീട്ടിലിരുന്ന് വാർത്തകൾ അറിയുന്നത് മൊബൈലിലൂടെയാണ്. ഞായറാഴ്ച രാവിലെ മുതൽ പൂട്ടുന്നതു വരെ നൂറിലധികം ആളുകളാണ് ജില്ലയിലെ മിക്ക കടകളിലും മൊബൈലുകൾ വാങ്ങാനെത്തിയത്. കൂടുതലും പുതിയ മൊബൈൽ ഫോൺ വങ്ങാനെത്തിയവരാണെന്ന് കടയുടമകൾ പറഞ്ഞു. വില കൂടിയ സ്മാർട്ട് ഫോണുകൾക്കും ലാപ്‌ടോപ്പുകൾക്കും ആവശ്യക്കാർ ഏറെയാണ്. ലോക് ഡൗൺ തുടങ്ങിയ ശേഷം മൊബൈൽ കേടായവർ രാവിലെ മുതൽ തന്നെ പല കടയ്‌ക്കും മുന്നിലും സ്ഥാനം പിടിച്ചിരുന്നു. പവർബാങ്ക്, ഹെഡ്‌സെറ്റ്, ബാറ്ററി, സ്‌ക്രീൻ ഗാർഡുകൾ, ചാർജറുകൾ തുടങ്ങിയവ‌യ്‌ക്കും ആവശ്യക്കാരെത്തി. തിരക്കുകാരണം പല കടകളിലും ടോക്കൺ സംവിധാനവും ഒരുക്കിയിരുന്നു.