കോഴിക്കോട്: കൊവിഡ് -19 പശ്ചാത്തലത്തിൽ കൊച്ചി വല്ലാർപാടം തുറമുഖത്തെ കണ്ടെയ്‌നറുകൾക്ക് സ്ഥല വാടകയും പിഴയും ഈടാക്കുന്നത് നിർത്താൻ ഡി.പി വേൾഡ് കമ്പനിക്ക് നിർദ്ദേശം നൽകണമെന്ന് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ഷിപ്പിംഗ് മന്ത്രി എന്നിവർക്ക് അയച്ച കത്തിൽ എം.കെ.രാഘവൻ എം.പി ആവശ്യപ്പെട്ടു. ഡി.പി വേൾഡ് കമ്പനിയുടെ പിടിവാശി ബുദ്ധിമുട്ടിക്കുന്നതായി മലബാർ മേഖലയിലെ വ്യാപാരികൾ അറിയിച്ചതിനെ തുടർന്നാണ് എം.കെ.രാഘവന്റെ ഇടപെടൽ.
കൊവിഡ് ബാധയെ തുടർന്ന് മാർച്ച് 31ന് ഷിപ്പിംഗ് മന്ത്രാലയം രാജ്യത്തെ പ്രധാന തുറമുഖങ്ങൾക്ക് കണ്ടെയ്‌നറുകൾ സൂക്ഷിക്കുന്നതിന് തറവാടകയും പിഴയും ഈടാക്കരുതെന്ന നിർദ്ദേശം നൽകിയിരുന്നു.
അവശ്യവസ്തുക്കളാണെങ്കിൽ പോലും കണ്ടെയ്‌നറുകൾ കൊണ്ടുവരുന്നതിന് യാത്രാ സൗകര്യമില്ലാത്ത വിഷയമാണ് വ്യാപാരികൾ ഉന്നയിക്കുന്നത്. ചരക്ക് ലോറി ഡ്രൈവർമാർ യാത്രയ്ക്കിടെ ഭക്ഷണവും വെള്ളവും ലഭിക്കാത്തതിനാൽ സർവീസ് നടത്താൻ തയ്യാറാകുന്നില്ല. ഇതുമൂലം കണ്ടെയ്‌നറുകൾ ദിവസങ്ങളോളം തുറമുഖത്ത് കിടക്കുകയാണ്. വേഗത്തിൽ നശിച്ചുപോകുന്ന വസ്തുക്കൾ അടങ്ങിയ കണ്ടെയ്‌നറുകൾ നീക്കാൻ സാധിക്കാത്തതിനാൽ കനത്ത നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടാകുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.