ബാലുശേരി (കോഴിക്കോട്): ബാലുശേരി മുക്കിൽ ഗവ. ഹോസ്പിറ്റലിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലെ മുറിയിൽ ചാരായം വാറ്റിയ മൂന്നംഗസംഘം പിടിയിലായി. ഇടുക്കി രാജാക്കാട് കണ്ടത്തിൽ പറമ്പിൽ വിപിൻ കുമാർ (30), കിനാലൂർ വടക്കേടത്ത് വീട്ടിൽ റിജേഷ് (36), കിനാലൂർ കാവുംപുറത്ത് അശ്വന്ത് മിഥുൻ (29) എന്നിവരെയാണ് എക്സൈസ് ഇന്റലിജൻസ് വിഭാഗവും താമരശേരി റേഞ്ച് സ്‌ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് എട്ടു ലിറ്റർ ചാരായവും എട്ടു ലിറ്റർ വാഷും പിടിച്ചെടുത്തു. വാറ്റാൻ ഉപയോഗിച്ച ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കർ എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഒന്നാം പ്രതി വിപിൻ കുമാർ പത്തു വർഷമായി ബാലുശേരിയിൽ ഹോട്ടൽ ജോലിക്കാരനാണ്. ഹോട്ടൽ ജോലിക്കിടയിൽ പരിചയക്കാരായതാണ് റിജേഷും അശ്വന്തും. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു മിന്നൽ റെയ്ഡ്.