covid-19

കോഴിക്കോട്: മലയാളികളുൾപ്പെടെയുള്ള മാലിദ്വീപിലെ പ്രവാസികൾ കൊവിഡ് ഭീതിയിൽ. അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള ദ്വീപിലെ വിദ്യാഭ്യാസ - ആരോഗ്യ മേഖലയിൽ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്‌ച വരെ മാലിദ്വീപിൽ കൊവിഡ് ഭീതിയുണ്ടായിരുന്നില്ല. എന്നാൽ നാലു ദിവസം മുമ്പ് സ്ഥിതി മാറി.

ജനസംഖ്യയുടെ പകുതിയോളം താമസിക്കുന്ന തലസ്ഥാനമായ മാലെ സിറ്റിയിൽ നാല് ദിവസം മുമ്പാണ് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിൽ ഒൻപതു പേർക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്.

ദിവസം കഴിയുന്തോറും ദ്വീപിൽ രോഗികളുടെ എണ്ണം ഇരട്ടിക്കുകയാണ്. കൊവിഡ് ബാധിതർക്ക് എവിടെ നിന്ന് രോഗം പകർന്നുവെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാലെ സിറ്റിയിൽ മാത്രം ഒരു ലക്ഷം പേർക്ക് കൊവിഡ് ബാധയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്.

സിറ്റി വഴി മാത്രമെ മറ്റു ദ്വീപുകളിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കാനാകൂ. ആരോഗ്യ - ഭക്ഷ്യ രംഗത്ത് സർക്കാർ മുൻകരുതലെടുക്കുന്നുണ്ടെങ്കിലും കൊവിഡ് പടർന്നാൽ സ്ഥിതിഗതികൾ അവതാളത്തിലാവുമെന്ന ഭീതിയിലാണ് പ്രവാസികൾ.

പ്രശ്നങ്ങൾ പലത്

 ഇന്ത്യക്കാൾ കൂടുതലും വിദ്യാഭ്യാസ - ആരോഗ്യ മേഖലയിൽ

 ആശുപത്രികൾ തദ്ദേശീയർക്ക് പോലും അപര്യാപ്‌തം

 പട്ടിണിയിലാകുമെന്ന പേടിയിൽ പ്രവാസികൾ

 എസ്.കെ.എസ്.എസ്.എഫ്

നിവേദനം

മാലിദ്വീപിലെ പ്രവാസികളുടെ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകി.