കോഴിക്കോട്: പുതിയാപ്പയിലും പരിസര പ്രദേശങ്ങളിലും പ്രാദേശിക മത്സ്യ ലഭ്യത ഉറപ്പുവരുത്തുന്നതിന് നാല് മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി ചെറുകിട മത്സ്യവിൽപ്പന നടത്താൻ പുതിയാപ്പ ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി യോഗത്തിൽ തീരുമാനം. പുതിയങ്ങാടി, എടക്കൽമൂല, പുതിയാപ്പ നോർത്ത്, പുതിയങ്ങാടി എലത്തൂർ എഫ്.ഡി.ഡബ്ലിയു.സി.എസുകളെയാണ് മത്സ്യവിൽപ്പനയ്ക്ക് ചുമതലപ്പെടുത്തിയത്. ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി നിശ്ചയിക്കുന്ന വിലയുടെ 20 ശതമാനം വരെ വിലകൂട്ടി ചില്ലറമത്സ്യ വിൽപ്പന നടത്താം.
കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുള്ള മത്സ്യവിതരണ തൊഴിലാളികൾക്കും മത്സ്യവിതരണം ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്താം. രാവിലെ എട്ട് മുതലാണ് മത്സ്യം ലഭ്യമാക്കുന്നത്. ഇതിനുള്ള ടോക്കൺ അതത് ദിവസം പുതിയാപ്പ ഹാർബർ എഞ്ചിനീയറുടെ ഓഫീസിൽ നിന്ന് വിതരണം ചെയ്യും. കോർപ്പറേഷൻ പരിധിയിലുള്ള പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം പുതിയാപ്പ ഹാർബറിൽ വെച്ച് മാത്രമെ വിൽപ്പന നടത്താവൂ എന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റി മെമ്പർ സെക്രട്ടറി കൂടിയായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. യോഗത്തിൽ വാർഡ് മെമ്പർ നിഷ അദ്ധ്യക്ഷത വഹിച്ചു.