കൽപ്പറ്റ: ജില്ലയിലെ ഭിന്നശേഷിക്കാർക്കായി ലോക് ഡൗൺ കാലത്ത് ഓൺലൈൻ പേരന്റ്സ് സപ്പോർട്ട് സെൽ സേവനവുമായി കെയർ വയനാട്. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളുടെ ജില്ലയിലെ കൂട്ടായ്മയാണ് കെയർ വയനാട്.

സ്‌പെഷ്യൽ സ്‌കൂളുകൾ, റീഹാബിലേറ്റേഷൻ സൗകര്യങ്ങൾ ഉള്ള ബഡ്സ്, തെറാപ്പി സെന്ററുകൾ, മറ്റു കേന്ദ്രങ്ങൾ ഇവയുടെ പ്രവർത്തനം കോവിഡ് മുൻകരുതലിന്റെ ഭാഗമായി നിർത്തിവെച്ചിരിക്കുന്നതിനാൽ കെയർ വയനാടിന്റെ ഓൺലൈൻ സേവനം ജില്ലയിലെ രക്ഷിതാക്കൾക്ക് ആശ്വാസമായി.

രക്ഷിതാക്കൾക്ക് ഫോൺ മുഖേന ജില്ലയ്ക്കകത്തും പുറത്തുമുള്ള പ്രശസ്തരായ തെറാപ്പിസ്റ്റുകളുമായും, ഡോക്ടർമാരുമായും, സ്‌പെഷ്യൽ അദ്ധ്യാപകരുമായും,സൈക്കോളജിസ്റ്റുമായും നേരിട്ട് വിളിച്ച് ആശയ വിനിമയം നടത്താൻ സാധിക്കും.

ബുദ്ധി വികാസ വൈകല്യം, ഓട്ടിസം, എ.ഡി.എച്ച്.ഡി
സെറിബ്രൽ പാൾസി, ഡൗൺ സിഡ്രം, സംസാര വൈകല്യം
ശാരീരിക വൈകല്യം, പഠന വൈകല്യം എന്നീ അവസ്ഥകളിലുള്ള കുട്ടികൾ വീട്ടിൽ തന്നെ ആയിരിക്കുന്നതുമൂലം ഉണ്ടാകാവുന്ന സ്വഭാവ പെരുമാറ്റ പ്രശ്നങ്ങൾക്കുള്ള പരിഹാര നിർദ്ദേശങ്ങളാണ് ലഭ്യമാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: 918893076182, 9847915854.