കോഴിക്കോട്: കൊവിഡിന്റെ പേരിലുണ്ടാക്കിയ സ്‌പ്രിൻക്ലർ കരാറിന്റെ കാര്യത്തിൽ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് കെ.മുരളീധരൻ എം.പി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്ക് ഡൗൺ കഴിഞ്ഞാലുടൻ ഈ കരാറിനെതിരെ പ്രതിപക്ഷം സമരത്തിനിറങ്ങും. മറുപടി പറയാതെ മുഖ്യമന്ത്രിയ്ക്ക് ഇനിയും ഒഴിഞ്ഞുമാറാനാവില്ല.
മുഖ്യമന്ത്രി പിണറായിയായിരുന്നില്ലെങ്കിൽ കേരളത്തിലുള്ളവരെല്ലാം കൊവിഡ് ബാധിച്ച് മരിച്ചേനെ എന്ന് വരുത്താനാണ് സി.പി.എം ശ്രമം. കഴിഞ്ഞ കുറേ ദിവസങ്ങളിൽ വൈകിട്ട് ജനങ്ങൾ ടി വി യ്ക്ക് മുന്നിലിരുന്നത് മുഖ്യമന്ത്രിയെ കാണാനായിരുന്നില്ല. എത്ര പേർക്ക് രോഗം ബാധിച്ചു എന്നറിയാനാണ്.
ഓഖിയും നിപയും രണ്ടു പ്രളയവും നേരിട്ടിട്ടും ഡാറ്റ കൈകാര്യം ചെയ്യാൻ സി ഡിറ്റിനെ സജ്ജമാക്കാതിരുന്നത് ദുരൂഹമാണ്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫിലുൾപ്പെടെ പ്രയാസമനുഭവിക്കുന്ന മലയാളി പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം ഉടൻ അനുമതി നൽകണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു.