കൽപ്പറ്റ: സർക്കാർ പ്രഖ്യാപിച്ച ലോക് ഡൗൺ ഇളവുകൾ ദുരുപയോഗം ചെയ്താൽ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് ഗതാഗതവകുപ്പു മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ലോക്ക് ഡൗൺ ഇളവിന്റെ ആദ്യദിനത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അനുവദിക്കപ്പെട്ട ഇളവുകൾ സ്വാതന്ത്ര്യമായി കണ്ടാണ് ചിലയിടങ്ങളിൽ ആളുകൾ പെരുമാറിയത്. ജില്ല ഇതുവരെ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുന്ന സമീപനമാണിത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് നല്ല രീതിയിൽ സഹകരിച്ചതുകൊണ്ടാണ് രോഗവ്യാപനത്തെ നിയന്ത്രിക്കാൻ സാധിച്ചത്. അത് ഇല്ലാതാക്കുന്ന തരത്തിലേക്ക് പോകുമ്പോൾ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരും. ഇതൊഴിവാക്കാൻ എല്ലാവരും സഹകരി​ക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.
മെയ് 3 ന് രാജ്യത്ത് ലോക്ഡൗൺ പിൻവലിക്കുന്ന സാഹചര്യമുണ്ടായാൽ ജില്ലയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെ കുറിച്ചും യോഗം വിലയിരുത്തി. അതിർത്തി കടന്ന് ജില്ലയിലേക്ക് കൂടുതൽ ആളുകൾ കടന്നുവരാൻ സാധ്യതയുളളതിനാൽ ഇവരെ നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനമൊരുക്കും. അയൽ ജില്ലകളിലെ ജില്ലാകളക്ടർ,ജില്ലാ പൊലീസ് മേധാവി എന്നിവരുമായി ഇക്കാര്യത്തിൽ ചർച്ച നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
യോഗത്തിൽ എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ,ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള,ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, എ.ഡി.എം തങ്കച്ചൻ ആന്റണി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ കെ.അജീഷ് തുടങ്ങിയവർ പങ്കെടുത്തു.
(ചിത്രം)

വൈദ്യുതി മുടക്കം
പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ താഴെയങ്ങാടി, ഏരിയപ്പള്ളി, ഉദയ, പുൽപ്പള്ളി ടൗൺ എന്നിവടങ്ങളിൽ ഏപ്രിൽ 21 ന് രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനു കീഴിൽ വരുന്ന വാളേരി, കുനിക്കരച്ചാൽ, കുനിക്കരച്ചാൽ ജലനിധി, പാറക്കടവ്, വെള്ളമുണ്ട ഹൈസ്‌ക്കൂൾ, പഴഞ്ചന ഭാഗങ്ങളിൽ ഏപ്രിൽ 21 ന് രാവിലെ 8.30 മുതൽ വൈകീട്ട് 3.30 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

33 കെ.വി സബിസ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷനിലെ മുഴുവൻ പ്രദേശങ്ങളിലും ഏപ്രിൽ 22 ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.


യാത്രക്കാർ ജാഗ്രതൈ…
കള്ളം പറഞ്ഞ് യാത്രചെയ്താൽ പിടി വീഴും
കൽപ്പറ്റ: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഭാഗി​കമായി ഇളവ് വരുത്തിയെങ്കിലും അനാവശ്യമായി ചുറ്റിക്കറങ്ങുന്നവരെ പൂട്ടാൻ പുതുവിദ്യയുമായി പൊലീസ് രംഗത്ത്. ഇനിമുതൽ റോഡിൽ ലാത്തി, വിസിൽ എന്നിവയ്ക്ക് പുറമേ മൊബൈൽഫോണും പൊലീസ് ആയുധമാക്കും. അനാവശ്യമായി സ്വകാര്യ വാഹനങ്ങളിൽ പുറത്തിറങ്ങുന്നവരെ കുരുക്കിലാക്കാൻ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, കൊല്ലം തുടങ്ങിയ ജില്ലകളിൽ പരീക്ഷിച്ച് വിജയിച്ച 'റോഡ് വിജിൽ' ആപ്പ് ജില്ലയിലും നിരീക്ഷണത്തിനായി ഉപയോഗിക്കാനാണ് പോലീസിന്റെ തീരുമാനം.
വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളുമായി പുറത്തിറങ്ങുന്നവരുടെ വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറും പോകുന്ന സ്ഥലവും ആദ്യ വാഹന പരിശോധനയിൽ തന്നെ ഉദ്യോഗസ്ഥൻ ആപ്പിൽ രേഖപ്പെടുത്തും. ഇതേ വ്യക്തിയെ മറ്റൊരിടത്ത് വെച്ച് പരിശോധനയ്ക്ക് വിധേയനാകുമ്പോൾ വാഹന നമ്പർ രേഖപ്പെടുത്തുന്ന മുറയ്ക്ക് ആപ്പിൽ നേരത്തേ നൽകിയ വിവരങ്ങൾ ലഭ്യമാവും. യാത്ര ചെയ്ത സ്ഥലം നേരത്തെ നൽകിയതിൽ നിന്നും വ്യത്യസ്തമാണെന്ന് കണ്ടാൽ വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കും. ഇത് വാഹന പരിശോധനയ്ക്കിടെ കള്ളം പറഞ്ഞ് മിടുക്കരാവുന്നവരുടെ നില പരുങ്ങലിലാക്കും. പോലിസിനെതിരെയുളള പരാതികൾ കുറയ്ക്കാനും ആപ്പ് ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്.
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ റോഡ് വിജിൽ ആപ്പ് ജില്ലാ പൊലീസ് മേധാവി ആർ. ഇളങ്കോയുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത് ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ സി.കെ ശശീന്ദ്രൻ, ഐ.സി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള തുടങ്ങിയവർ സന്നിഹിതരായിരുന്നു.

(ചിത്രം)
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ റോഡ് വിജിൽ ആപ്പ് പുറത്തിറക്കുന്നു.

റേഷൻ ദുരുപയോഗം
ചെയ്താൽ നടപടി
കൽപ്പറ്റ: എ.എ.വൈ, മുൻഗണനാ വിഭാഗങ്ങളിൽപ്പെട്ട റേഷൻ കാർഡുടമകൾ റേഷൻ സാധങ്ങൾ വാങ്ങി ദുരുപയോഗം ചെയ്താൽ വാങ്ങിയ റേഷൻ സാധനങ്ങളുടെ വില ഈടാക്കി അത്തരം കാർഡുകൾ പൊതു വിഭാഗത്തിലേയ്ക്ക് മാറ്റുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. റേഷൻ വിതരണം ഒ.റ്റി.പി സമ്പ്രദായം മുഖേന നടപ്പിലാക്കുന്നതിനാൽ റേഷൻ കാർഡുടമകൾ ലിങ്ക് ചെയ്ത മൊബൈലുമായി എത്തി റേഷൻ സാധനങ്ങൾ കൈപ്പറ്റമെന്നും അദ്ദേഹം അറിയിച്ചു.

മരുന്നുകൾ വിതരണം ചെയ്തു
കൽപ്പറ്റ: ജില്ലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പൊതു വിഭാഗത്തിൽപ്പെട്ട രോഗികൾക്കുളള ജീവൻ രക്ഷാമരുന്നുകൾ ജില്ലാ ഭരണകൂടം എത്തിച്ചു തുടങ്ങി. കാൻസർ ,കിഡ്നി ,ഹൃദയം ,ന്യൂറോ സംബന്ധമായ അസുഖമുള്ളവർക്കുളള അലോപ്പതി മരുന്നുകളാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും സമാഹരിച്ച 2 ലക്ഷം രൂപ ഉപയോഗിച്ച് ജീവ മെഡിക്കൽസ് കൽപ്പറ്റ ,മഹാത്മ മെഡിക്കൽസ് ബത്തേരി ,മാനന്തവാടി മെഡിക്കൽസ് മാനന്തവാടി എന്നീ മെഡിക്കൽ സ്റ്റോർ മുഖേനയാണ് മരുന്നുകൾ ലഭ്യമാക്കുന്നത്. പഞ്ചായത്തുകളിൽ നിന്ന് നിയോഗിക്കപ്പെട്ട വളണ്ടിയർമാരാണ് മരുന്നുകൾ വീടുകളിലേക്ക് എത്തിച്ചു നൽകുന്നത്.
നിലവിൽ ജില്ലയിൽ 9 പഞ്ചായത്തുകളിലായി 33 രോഗികൾക്ക് ജീവൻ രക്ഷ മരുന്നുകൾ ലഭ്യമാക്കി. ഇതിനായി 47926 രൂപ ചെലവഴിച്ചു. പഞ്ചായത്തുകൾ രോഗികളുടെ വിവരങ്ങൾ ലഭ്യമാക്കുന്നമുറക്കാണ് മരുന്നുകൾ വിതരണം ചെയ്യുന്നത്. സാമ്പത്തിക പിന്നാക്കാവസ്ഥ വ്യക്തമാക്കാൻ അതാത് പഞ്ചായത്ത് സെക്രട്ടറിയുടെയും ഹെൽത്ത് ഇൻസ്‌പെക്ടറുടെയും സാക്ഷ്യപത്രം ഹാജരാക്കണം.

അസാപ് വെബിനാർ സീരീസ് ഇന്ന് മുതൽ
കൽപ്പറ്റ: ലോക്ക് ഡൗൺ കാലം ഫലപ്രദമായി വിനിയോഗിച്ച് ടെക്‌നോളജിയുടെ നൂതന മേഖലകൾ പരിചയിക്കുവാനും അതുവഴി കൂടുതൽ തൊഴിൽ ക്ഷമത ആർജിക്കുവാനും അസാപ് വെബിനാർ സീരീസ് ഒരുക്കുന്നു.ഉദ്യോഗാർത്ഥികളുമായി ജില്ലയിലെ പ്രമുഖർ സംവദിക്കുന്ന തരത്തിലാണ് വെബിനാർ സീരിസ് ഒരുക്കിയിരിക്കുന്നത്. അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ഓൺലൈൻ വെബിനാർ സീരിസ് ഏപ്രിൽ 21 വൈകിട്ടു 4 ന് ജില്ലാ കളക്ടർഡോ.അദീല അബ്ദുള്ള ഉദ്ഘാടനംചെയ്യും.ഇന്റർനാഷണൽ ട്രെയിനർഡോ.ബിജേഷ്‌ജോൺ മാറുന്ന തൊഴിലവസരങ്ങളെക്കുറിച്ചും എങ്ങനെ അതിനായി തയ്യാറെടുക്കാ എന്ന വിഷയത്തിൽ സംസാരിക്കും. എല്ലാ ദിവസവും വൈകീട്ട് 4 നാണ് പ്രഗത്ഭരുടെ പരിശീലന പരിപാടികൾ ഉണ്ടാവുക. ഇതിനായി http://www.skillparkkerala.in/webinars ലോഗ് ഇൻ ചെയ്യണം.