പേരാമ്പ്ര: സർക്കാർ നിർദ്ദേശത്തെ തുടർന്ന് ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കി. ഭക്ഷ്യവസ്‌തുക്കളുടെ വില വർദ്ധിപ്പിക്കുന്നത് സംബന്ധിച്ചുണ്ടായ പരാതികളെ തുടർന്ന് കച്ചവട സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന ഊർജ്ജിതമാക്കി. നിയമ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഡ്രോണുകളുടെ സഹായത്തോടെ പൊലീസ് പരിശോധന തുടരുകയാണ്. ലോക് ഡൗൺ ലംഘിക്കുന്ന വാഹനങ്ങൾക്കായി പേരാമ്പ്ര പയ്യോളി റോഡിലും ചങ്ങരോത്ത് പന്തിരിക്കര മേഖലയിലുമുൾപ്പെടെ പരിശോധന നടന്നു.
പൊലീസ് - ആരോഗ്യ - റവന്യൂ വകുപ്പുകൾ സംയുക്തമായാണ് പയ്യോളി അട്ടക്കുണ്ട് സ്റ്റോപ്പിനടുത്ത് പരിശോധന നടത്തിയത്. നിരവധി നിയമലംഘന കേസുകൾ കണ്ടെത്തി പിഴ ഈടാക്കി. കോഴിക്കോട് ജില്ല റെഡ് സോണിലുൾപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിൽ ആളുകൾ കൂട്ടമായെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് വിലക്കാൻ കടയുടമകൾ തയ്യാറാകണമെന്നും ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശിച്ചു.