കൽപ്പറ്റ: ജില്ലയിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ചതോടെ ആളുകൾ കൂട്ടമായി നിരത്തിലിറങ്ങിയത് ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിൽ ഇളവുകൾ ഒഴിവാക്കി വീണ്ടും കർശന നിയന്ത്രണം തുടരാൻ ജില്ലാ ഭരണകൂടം.
അവശ്യ സേവനങ്ങളായ ഭക്ഷണം, കൃഷി, എന്നിവയ്ക്ക് പുറമേ നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട കടകളും, അക്ഷയ കേന്ദ്രങ്ങളും മാത്രമാണ് തുറന്ന് പ്രവർത്തിക്കാൻ അനുമതിയുളളതെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു.
സൂപ്പർ മാർക്കറ്റുകൾ, പച്ചക്കറി കടകൾ, ബേക്കറി തുടങ്ങിയ അവശ്യ സേവനങ്ങളും നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കല്ല്, ഇഷ്ടിക,കമ്പി, സിമന്റ് എന്നിവയും എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കും. കൃഷിയുമായി ബന്ധപ്പെട്ട് വളം, ഉപകരണങ്ങൾ എന്നിവയും തുറക്കാം. മുമ്പ് നിശ്ചയിച്ച പ്രകാരം പ്രദേശത്തെ ഒരു ഹോട്ടലിന് പാർസൽ കൗണ്ടറുകൾ മാത്രമായി തുറന്ന് പ്രവർത്തിക്കാം.
നിർമ്മാണവുമായി ബന്ധപ്പെട്ട ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലംബിംങ്, പെയിന്റിംങ് തുടങ്ങിയവയും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ തുറക്കും. ഈ ദിവസങ്ങൾ ഏതെന്ന് പിന്നീട് നിശ്ചയിക്കും. മഴക്കാലത്തിന് മുമ്പായി വീട്, റോഡ് തുടങ്ങിയവയുടെ നിർമ്മാണം പൂർത്തിയാക്കുന്നതിനാണ് നിർമ്മാണ മേഖലയിലെ കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയത്.
ആവശ്യ സേവനങ്ങൾക്ക് മാത്രമാണ് പൊതുജനങ്ങൾ പുറത്തിറങ്ങേണ്ടത്. യാത്രക്കാർ സത്യവാങ്മൂലം നിർബന്ധമായും കയ്യിൽ കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
യാത്രാപാസ്സിന് വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം
ജില്ലയിൽ യാത്രാ പാസ്സ് ആവശ്യമുള്ളവർക്ക് വെബ്‌സൈററ് മുഖാന്തരം പാസ്സിന് അപേക്ഷിക്കാം. covid19jagratha.kerala.nic.in എന്ന വെബ്‌സൈറ്റിലൂടെ ആവശ്യമുളളവർക്ക് പാസ്സിനുളള അപേക്ഷ സമർപ്പിക്കാം. അക്ഷയ കേന്ദ്രങ്ങൾ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ച് വെബ്‌സൈറ്റ് വഴി പാസ്സിന് അപേക്ഷിക്കാം. 15 വയസ്സിന് താഴെയുള്ള നിലവിൽ ബന്ധുവീടുകളിൽ താമസിക്കുന്ന കുട്ടികളെ രക്ഷിതാക്കളുടെ സമീപത്ത് എത്തിക്കുന്നതിനായി പാസ്സ് അനുവദിക്കും. ഏതെങ്കിലും ഒരു രക്ഷിതാവിന്റെ കൂടെയുള്ള കുട്ടികൾക്ക് യാത്രാനുമതി ലഭിക്കില്ല. ഹോട്ട്സ്‌പോട്ട് ജില്ലകളിൽ നിന്ന് ആരോഗ്യ പ്രവർത്തകർക്ക് മാത്രമാണ് യാത്രാനുമതി.
ജില്ലയിൽ 671 പേർ കൂടി നിരീക്ഷണ കാലം പൂർത്തിയാക്കി
കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിഞ്ഞ 671 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കിയവരുടെ എണ്ണം മൊത്തം 8871 പേരായി. തിങ്കളാഴ്ച ജില്ലയിൽ 24 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 4821 ആണ്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 7 ആണ്. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച 270 സാമ്പിളുകളിൽ നിന്നും 263 എണ്ണത്തിന്റെ ഫലം ലഭിച്ചു. 7 എണ്ണത്തിന്റെ പരിശോധന ഫലം ലഭിക്കാനുണ്ട്. ലഭിച്ച സാമ്പിളുകളിൽ 259 എണ്ണം നെഗറ്റീവാണ്.