സുൽത്താൻ ബത്തേരി: കഴിഞ്ഞ ഒരു മാസമായി ലോക് ഡൗണിനെ തുടർന്ന് പുറത്തിറങ്ങാതിരുന്ന ആളുകൾ ഇന്നലെ ഇളവുകൾ അനുവദിച്ചതോടെ കൂട്ടമായി പട്ടണങ്ങളിലേക്ക് എത്താൻ തുടങ്ങി. പൊതുഗതാഗതം ആരംഭിച്ചില്ലെങ്കിലും സ്വാകര്യ വാഹനങ്ങളിലാണ് എല്ലാവിധ നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ട് ആളുകൾ ടൗണുകളി​ലി​റങ്ങി​യത്.

ഒറ്റ അക്ക നമ്പർ വാഹനങ്ങൾക്കാണ് ഇന്നലെ യാത്ര ചെയ്യാൻ അനുവദിച്ചതെങ്കിലും അതൊന്നും കാര്യമാക്കാതെയാണ് പലരും വാഹനങ്ങളുമായി പുറത്തി​റങ്ങി​യത്.
ഒരു മാസത്തെ ലോക്ഡൗണിൽ വീട്ടിൽ കഴിച്ചുകൂട്ടിയ ആളുകൾ ഇന്നലെ സ്വതന്ത്ര്യം കിട്ടിയതുപോലെയാണ് കൂട്ടമായി എത്തിയത്. അത്യാവശ്യ കാര്യങ്ങൾക്കായി കുറച്ച്‌പേർ എത്തിയപ്പോൾ കാര്യമൊന്നുമി​ല്ലാതെ എത്തിയവരും ഉണ്ട്.

ഏതെല്ലാം കടകൾക്കാണ് ഇളവ് എന്നത് സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നതിനാൽ എല്ലാ കടക്കാരും ഇന്നലെ കാലത്ത് തന്നെ കടകൾ തുറന്നിരുന്നു. പിന്നീട്‌ പൊലീസ് എത്തി ഇളവുകൾ അനുവദിച്ച കടകൾ ഒഴികെയുള്ളവ അടപ്പിച്ചു. ഇന്നലെ തുറന്ന കടകൾ പ്രധാനമായും ശുചീകരണ ജോലി​കൾ ചെയ്യുകയായിരുന്നു.
ജനങ്ങൾ കൂട്ടമായി നിരത്തിലേക്ക് ഇറങ്ങിയത് പൊലീസിനെയും ബദ്ധിമുട്ടിലാക്കി. വാഹനങ്ങളിലും കാൽ നടയായും എത്തിയ ആളുകളെ നിയന്ത്രിക്കാൻ പൊലീസിന് പ്റയാസപ്പെടേണ്ടി​ വന്നു.

കർണാടക- തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പട്ടണമായതിനാൽ ബത്തേരിയിൽ കൂടുതൽ ആളുകൾ പല ആവശ്യങ്ങൾക്കുമായി എത്തികൊണ്ടിരുന്നു. അനാവശ്യമായി കറങ്ങി നടക്കുന്നവരെയും മാസ്‌ക് ഇടാതെ ഇറങ്ങിയവരെയും പൊലീസ് ശക്തമായ താക്കീത് നൽകി വിട്ടു.

പുൽപ്പള്ളി ടൗണിൽ തിങ്കളാഴ്ച്ച രാവിലെ മുതൽ ആളുകളുടെ വൻ തിരക്കായിരുന്നു. ആളുകൾ കൂട്ടം കൂടി നടക്കുന്നതും മറ്റും കാഴ്ച്ചയായി. വാഹനങ്ങൾ കൂട്ടത്തോടെ നിരത്തിലിറങ്ങി. . നിർമ്മാണ വസ്തുക്കൾ വില്ക്കുന്ന കടകളിലെല്ലാം തിരക്കേറെയായിരുന്നു. അടഞ്ഞുകിടന്ന കടകളിൽ രാവിലെ മുതൽ ജീവനക്കാർ ശുചീകരണത്തിന്റെ തിരക്കിലായിരുന്നു. ടൗണിലെ മിക്ക കടകളും ഉച്ചവരെ തുറന്നിരുന്നു.