വടകര: അഴിയൂർ പഞ്ചായത്തിൽ കൊവിഡ് ബാധിച്ച രണ്ടു വ്യക്തികളുടെ സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട ഏഴു പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്ന് കണ്ടെത്തി.
നിലവിൽ വടകര കൊറോണാ സെന്ററിൽ 22 പേരാണുള്ളത്. പോസിറ്റിവായ രണ്ടു പേർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 73 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്.
പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ സമ്പൂർണ ലോക ഡൗണിൽ തുടരുകയുമാണ്. ജില്ലാ കളക്ടറിൽ നിന്ന് സ്പെഷ്യൽ ഉത്തരവ് ലഭിച്ചപ്രകാരം ഇവിടെ റേഷൻകടകളിൽ നിന്നുള്ള അരി വാർഡ് ആർ ആർ ടി മുഖേന എത്തിച്ചു തുടങ്ങി. ചോമ്പാല മത്സ്യബന്ധന തുറമുഖം മേയ് മൂന്ന് വരെ അടച്ചിടാൻ ഹാർബറിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജയൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ ടി.ജനിൽ കുമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ.സുധീർ കിഷൻ, സർക്കിൾ ഇൻസ്‌പെക്ടർ ടി.പി. സുമേഷ്, കോസ്റ്റൽ സി.ഐ കെ.ആർ.ബിജു , ജില്ലാ പഞ്ചായത്ത് മെമ്പർ എ.ടി.ശ്രീധരൻ, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, വാർഡ് മെമ്പർ കെ.ലീല,ഹാർബർ അസി. എൻജിനിയർ പി.കെ.അജിത്കുമാർ, വില്ലേജ് ഓഫീസർ റിനീഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.