കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് നിയന്ത്രണം വന്നതോടെ സാധാരണക്കാർ ദുരിതത്തിൽ. സ്വകാര്യ ആശുപത്രിയിൽ പോകാൻ ശേഷിയില്ലാത്തവരും സ്ഥിരം ചികിത്സയ്‌ക്ക് എത്തുന്നവരുമാണ് പ്രതിസന്ധിയിലായത്. ലോക്ക് ഡൗണിലൂടെ തൊഴിൽ നഷ്ടമുണ്ടായവരും ചികിത്സയ്‌ക്കായി ബുദ്ധിമുട്ടുന്നുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നും മറ്റ് ആശുപത്രികളിൽ നിന്നും റഫർ ചെയ്യുന്ന അടിയന്തര ചികിത്സ വേണ്ട രോഗികളെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. രാവിലെ എട്ടു മുതൽ പത്തു വരെ മാത്രമാണ് ഒ.പി സമയം. ഇത് വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കൊവിഡ് ഭീതിയിൽ മെഡിക്കൽ കോളേജിലെത്തുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. നിയന്ത്രണം കാരണം ഈ കുറവ് ഇരട്ടിച്ചു.
11 കോഴിക്കോട് സ്വദേശികളും രണ്ട് കണ്ണൂരുകാരുമടക്കം 13 പേരാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്. ഇവരെ അതീവ സുരക്ഷിതമായി പ്രത്യേക ഇടത്തിലാണ് ചികിത്സിക്കുന്നത്. അതിനാൽ മറ്റ് രോഗികൾക്കുള്ള നിയന്ത്രണത്തിൽ ഇളവ് വേണമെന്നും ആവശ്യമുണ്ട്. അതേസമയം വെൻഡിലേറ്റർ ആവശ്യമായ കൊവിഡ് രോഗികളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചാൽ മതിയെന്നും മറ്റുള്ളവരെ ജില്ല ആശുപത്രിയിൽ ചികിത്സ നൽകണമെന്നും ആവശ്യമുണ്ട്.