കോഴിക്കോട്: ജില്ല റെഡ് സോണിലായിട്ടും ലോക്ക് ഡൗൺ ലംഘിക്കുന്നവരുടെ എണ്ണം കൂടിയതോടെ കോഴിക്കോട്ട് നിയന്ത്രണം ശക്തമാക്കി. ജില്ല കളക്ടർ എസ്. സാംബശിവ റാവു നേരിട്ടിറങ്ങി നിയന്ത്രണങ്ങൾക്ക് നേതൃത്വം നൽകി. അവശ്യസാധനങ്ങളുടേതൊഴികെ നഗരത്തിലെ കടകമ്പോളങ്ങൾ ഇന്നലെ പൂർണമായും അടഞ്ഞു കിടന്നു. തുറന്ന കടകളിൽ നല്ല തിരക്കായിരുന്നു.
വൈകിട്ട് അഞ്ചോടെ എല്ലാ കടകളും അടച്ചു. നഗരത്തിൽ കടകൾ അടഞ്ഞു കിടന്നപ്പോൾ ഗ്രാമങ്ങളിൽ ചെറിയ കടകൾ തുറന്നു. മരുന്നുഷോപ്പുകളും പ്രവർത്തിച്ചു. നിരത്തിലിറങ്ങിയ വാഹനങ്ങൾ കർശനമായി പരിശോധിച്ചു. പൊതു സ്ഥലങ്ങളിലുൾപ്പെടെ അഞ്ചിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നതിന് നേരത്തെ നിയന്ത്രണങ്ങളുണ്ടായിരുന്നു.
മത്സ്യവിപണന കേന്ദ്രങ്ങളിൽ തിരക്ക് കുറവായിരുന്നു. പാളയത്തും വലിയങ്ങാടിയിലും തിരക്ക് കുറവായിരുന്നു. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ ആളുകൾ വീട്ടിൽ ഒതുങ്ങി. നഗര, ഗ്രാമ പാതകളും വിജനമായിരുന്നു. ആളുകൾ തെരുവിലിറങ്ങാതിരിക്കാൻ നഗരത്തിന്റെ ചെറിയ വഴികളിൽ പോലും പൊലീസുണ്ടായിരുന്നു. ബൈക്കിലും കാറുകളിലുമായി മറ്റും കറങ്ങാനിറങ്ങിയവരെ തടഞ്ഞു.