കോഴിക്കോട്: കൊവിഡ് പ്രതിസന്ധി അതിജീവിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് അർഹതയുള്ളവർക്കു നേരെ മുഖം തിരിക്കുന്നതായി പരാതി വ്യാപകം. ആനുകൂല്യം നിഷേധിക്കുന്ന നിബന്ധനകളായാൽ പിന്നെ ഗുണഭോക്താക്കൾക്ക് രക്ഷയുണ്ടോ എന്ന ചോദ്യമാണ് പൊതുവെ ഉയരുന്നത്.
കുടുംബശ്രീ അംഗങ്ങൾക്ക് 20,000 രൂപ വരെ സഹായം നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഉത്തരവിറങ്ങിയപ്പോൾ ബഹുഭൂരിപക്ഷം അംഗങ്ങൾക്കും ഈ ആനുകൂല്യത്തിന് സാദ്ധ്യതയില്ലെന്ന അവസ്ഥയാണ്. നിബന്ധനകളുടെ കടുപ്പം തന്നെ കാരണം.
വിനയായ നിബന്ധനകൾ
മറ്റു വായ്‌പയുള്ളവർ, തിരിച്ചടവ് മുടങ്ങിയവർ, അയൽകൂട്ടത്തിൽ പങ്കെടുക്കാത്തവർ, മറ്റ് ധനസഹായത്തിന് അർഹരായവർ, ജോലിക്ക് പോകുന്നവർ തുടങ്ങിയവരെ പദ്ധതിയിൽ നിന്നൊഴിവാക്കി. പലചരക്ക്, പച്ചക്കറി കടകളിലുൾപ്പെടെ ജോലി ചെയ്യുന്നവർക്ക് സഹായം ലഭിക്കില്ല.
കിട്ടാക്കനിയായി 1000 രൂപ
പ്രത്യേക ആനുകൂല്യമായി ക്ഷേമനിധികളിൽ നിന്ന് 1000 രൂപ നൽകുമെന്ന പ്രഖ്യാപനം വന്നെങ്കിലും കർശന മാനദണ്ഡങ്ങളിൽ തൊഴിലാളികൾ വെട്ടിലായി. 1000 രൂപ നൽകാൻ കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ ബോർഡ് തീരുമാനിച്ചതാണ്. പക്ഷേ, ആ ഉത്തരവിലും നിബന്ധനകളുടെ കുരുക്കായിരുന്നു ഏറെയും.
തടസങ്ങൾ ഇങ്ങനെ
അപേക്ഷകർ അംഗത്വം പുതുക്കിയിരിക്കണം
രണ്ട് വർഷത്തെ സർവീസെങ്കിലും ഉണ്ടായിരിക്കണം
2020 മാർച്ച്, ഏപ്രിൽ, ജൂൺ മാസങ്ങളിൽ വിരമിക്കുന്നവർക്ക് ആനുകൂല്യമില്ല
മാരകരോഗങ്ങളുടെ ചികിത്സയ്‌ക്ക് ധനസഹായം തേടിയവർക്ക് ആനുകൂല്യമില്ല
'കൊവിഡ് പാക്കേജിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന വായ്പ സംസ്ഥാന സർക്കാർ അട്ടിമറിക്കുകയാണ്. ഉപാധിരഹിതമായി സഹായം നൽകാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം".
കെ. സുരേന്ദ്രൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
'ആനൂകൂല്യങ്ങൾ എങ്ങനെ നിഷേധിക്കാമെന്നതിന്റെ നിബന്ധനകളാണ് കുടുതലും. എല്ലാ ക്ഷേമനിധി ആനുകൂല്യങ്ങൾക്കും സമാനമായ ഉപാധികൾ കൊണ്ടുവന്നത് സർക്കാരിന് ആത്മാർത്ഥത ഇല്ലെന്നതിന്റെ തെളിവാണ്".
ടി. സിദ്ദിഖ്, കെ.പി.സി.സി വൈസ് പ്രസിഡന്റ്