കൽപ്പറ്റ: ലോക് ഡൗൺ പ്രഖ്യാപനത്തിൽ എൻ.സി.സി.പരിശീലനത്തിനു പോയ അദ്ധ്യാപകർ നാട്ടിൽ തിരിച്ചെത്താനാവാതെ മഹാരാഷ്ട്രയിൽ കുടുങ്ങി. എൻ.സി.സി.ഓഫീസർമാരായ കേരളത്തിൽ നിന്നുള്ള 20 പേരുൾപ്പെടെ 281 അദ്ധ്യാപകരാണ് കുടുങ്ങി കിടക്കുന്നത്. 10 പേർ വയനാട് ജില്ലയിലെ അദ്ധ്യാപകരാണ്.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂളുകളിൽ നിന്നായി എൻ.സി.സി. ചുമതല വഹിക്കുന്ന 281 അദ്ധ്യാപകർ 60 ദിവസത്തെ പ്രീ കമ്മീഷൻ കോഴ്സ് പരിശീലനത്തിനാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്ത കാമ്പിയിലെ ഓഫീസേഴ്സ് ട്രെയ്‌നിംഗ് അക്കാഡമിയിലെത്തിയത്.
ഫെബ്രുവരി 10 മുതൽ ഏപ്രിൽ 9 വരെയാണ് പരിശീലനം നിശ്ചയിച്ചിരുന്നത്. ഏപ്രിൽ 9 ന് പാസിംഗ് ഔട്ട് പരേഡ് നടത്തി 10ന് നാട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങിയിരിക്കവെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്.
ലോക് ഡൗൺ മെയ് 3 വരെ നീട്ടിയതോടെ വീണ്ടും പരിശീലനം നീട്ടിയിരിക്കുകയാണ്. ഇതോടെ 60 ദിവസത്തെ പരിശീലനത്തിന് പുറപ്പെട്ടവർക്ക് 84 ദിവസം അക്കാഡമിയിൽ കഴിയേണ്ടി വന്നിരിക്കയാണ്.
അദ്ധ്യാപകരിൽ 20 പേർ കേരളത്തിൽ നിന്നുള്ളവരാണ്. 4 കണ്ണൂരുകാരും 2 തിരുവനന്തപുരത്തുകാരും പാലക്കാട്, തൃശൂർ,കൊല്ലം,കോഴിക്കോട് ജില്ലയിൽ നിന്ന് ഓരോ അദ്ധ്യാപകരുമാണുള്ളത്.
എൻ.സി.സി.ഫൈവ് ബറ്റാലിയൻ യൂണിറ്റ് വയനാട് ജില്ലയിൽ ആദ്യമായി തുടങ്ങിയതോടെയാണ് ഇത്രയധികം അദ്ധ്യാപകർക്ക് പരിശീലനത്തിന് അവസരം ലഭിച്ചത്.
തിരിച്ച് പോകാനായി രണ്ട് തവണ വിമാന-ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നു. രണ്ട് തവണയും ടിക്കറ്റ് റദ്ദാക്കിയതിനാൽ അടച്ച തുക തിരിച്ച് ലഭിച്ചില്ല. പുതുതായി മൂന്നാം തവണ വീണ്ടും ടിക്കറ്റ് ബുക്ക്‌ചെയ്യാനായി പണമില്ലാതെ പ്രയാസപ്പെടുകയാണെന്ന് അദ്ധ്യാപകർ പറയുന്നു. വസ്ത്രം,ഭക്ഷണം,യാത്ര,പരിശീലനത്തിനുള്ള യൂണിഫോം തുടങ്ങിയവക്കായി ആദ്യം പണം അദ്ധ്യാപകർ മുടക്കണം. പിന്നീട് അക്കാഡമിയിൽ നിന്ന് തുക അനുവദിക്കുകയാണ് പതിവ്. ഈയിനത്തിലും വലിയൊരു തുക ചെലവായിട്ടുണ്ടെന്നാണ് അധ്യാപകർ പറയുന്നത്.
ക്യാപ്ഷൻ : എൻ.സി.സി. പ്രീ കമ്മീഷൻ ട്രൈനിംഗ് കോഴ്സിനായി ഓഫീസേഴ്സ് ട്രൈനിംഗ് അക്കാഡമിയിലെത്തിയ അധ്യാപകർ.