fund

കോഴിക്കോട്: ജില്ലയിലെ ഒരു മുനിസിപ്പാലിറ്റി ഒഴികെയുള്ള തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം. 31 തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതികളാണ് ഇന്നലെ ചേര്‍ന്ന യോഗം അംഗീകരിച്ചത്. അംഗീകരിച്ച പദ്ധതികള്‍ക്കുള്ള അനുബന്ധ രേഖകള്‍ ചില തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കാനുണ്ട്. പ്രത്യേക സാഹചര്യത്തില്‍ ഇവ പരിഗണിക്കാതെയാണ് അംഗീകാരം നല്‍കിയതെങ്കിലും അടിയന്തരമായി മറ്റ് അനുബന്ധ രേഖകള്‍ ഹാജരാക്കണമെന്ന് ആസൂത്രണ സമിതി ചെയര്‍മാന്‍ ബാബു പറശേരി പറഞ്ഞു. കൊവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം ചേര്‍ന്നത്.
15 ശതമാനത്തിലധികം തനത് ഫണ്ട് വകയിരുത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫീസറുടെ സാക്ഷ്യപത്രം സമര്‍പ്പിക്കണം. വാര്‍ഷിക പദ്ധതി അന്തിമമാക്കുന്ന ഘട്ടത്തില്‍ സ്‌നേഹസ്‌പര്‍ശം ഉള്‍പ്പെടെയുള്ള പ്രോജക്ടുകള്‍ തയ്യാറാക്കണം. ഇവ ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപന പ്രതിനിധികള്‍ ഉപ്പാക്കണം.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, എം. രാധാകൃഷ്ണന്‍, സുജാത മനക്കല്‍, പി.ടി. അബ്ദുള്‍ ലത്തീഫ്, പി. ഭാനുമതി തുടങ്ങിയവര്‍ നേരിട്ടും മറ്റ് അംഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയും പങ്കെടുത്തു.