news

പേരാമ്പ്ര: കിഴക്കൻ മലയോരത്ത് വന്യജീവികളുടെ ശല്യം രൂക്ഷമായതോടെ കർഷകർ സങ്കടത്തിലായി. കാട്ടുപന്നിയും ഉടുമ്പും ചേമ്പ്, ചേന, കപ്പ, കാച്ചിൽ തുടങ്ങിയവയെല്ലാം നശിപ്പിക്കുകയാണ്. ചക്കിട്ടപാറ, ചങ്ങരാത്ത്, കൂത്താളി, നൊച്ചാട്, കോട്ടൂർ പഞ്ചായത്തുകളിൽ കുരങ്ങുകളുടെ ശല്യം പതിവായിട്ടുണ്ട്. ചക്കിട്ടപാറ പഞ്ചായത്തിലെ മാത്തൂർ, ചെമ്പനോട ഉണ്ടം മൂല, പെരുവണ്ണാമൂഴി വട്ടക്കയം, മുതുകാട് ചെങ്കോട്ട കൊല്ലി മേഖലകളിലാണ് കുരങ്ങ് ശല്യം അതിരൂക്ഷം. കരിക്കും വിളവെത്താത്ത അടക്കയും പറിച്ചു നശിപ്പിക്കുകയാണെന്ന് കർഷകർ പറയുന്നു. നേരത്തെ കാട്ടാനകളിറങ്ങി ചെമ്പനോട, പൂഴിത്തോട് പ്രദേശങ്ങളിലെ കൃഷി വ്യാപകമായി നശിപ്പിച്ചിരുന്നു.
മാത്തൂരിലെ ജോർജ് വെള്ളപ്ലാക്കൽ, വിനു കാലായിൽ, തോമസ് ആനത്താനത്ത്, ഇബ്രാഹിം മീത്തലെ മഠത്തിൽ, റോബർട്ട് മാളിയേക്കൽ, ജോർജ് കടമക്കേരി, ആർ.കുഞ്ഞിരാമൻ നമ്പ്യാർ, തായ്മീത്തിൽ സജി, ആണ്ടുകുന്നേൽ ശിവരാമൻ, ആണ്ടുകുന്നേൽ വിജയൻ എന്നിവരുടെ കൃഷിയിടങ്ങളിൽ കുരങ്ങുകൾ ലക്ഷങ്ങളുടെ നാശമാണ് വരുത്തിയത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വന്യമൃഗങ്ങളെ നേരിടാൻ അധികൃതർ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.