കോഴിക്കോട്: കൊവിഡ് വ്യാപനത്തോടെ റെഡ് സോണിലായ അഴിയൂർ ഗ്രാമപഞ്ചായത്തിൽ ഡയാലിസിസ് രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കി പഞ്ചായത്ത്. വടകര, തലശ്ശേരി, മാഹി എന്നിവിടങ്ങളിലേക്ക് ഡയാലിസിസിന് പോകുന്നവർക്കാണ് സൗജന്യ യാത്ര.
ഏപ്രിൽ മൂന്നു മുതൽ ഇതുവരെ 100 സൗജന്യയാത്രകൾ നൽകിക്കഴിഞ്ഞു. അഞ്ചാംപീടിക മഹൽ കമ്മിറ്റിയുടെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി പഞ്ചായത്ത് നടത്തുന്നത്.
വാഹനസൗകര്യം സമ്പൂർണ്ണമായി അടഞ്ഞതോടെയാണ് പഞ്ചായത്ത് ഡയാലിസ് രോഗികളെ സഹായിക്കാൻ മുന്നിട്ടിറങ്ങിയത്. മഹല്ല് കമ്മിറ്റിയുടെ സന്നദ്ധ പ്രവർത്തകരായ ടി.ജി.ഷക്കീർ, സുബൈർ പാലക്കൂൽ, വി. കെ.നിസാർ , റിഷാദ്, സാജിദ്, ഷംസീർ എന്നിവരാണ് വാഹനത്തിൽ രോഗികളെ എത്തിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് വി. പി.ജയൻ, സെക്രട്ടറി ടി. ഷാഹുൽഹമീദ് പഞ്ചായത്ത് സ്റ്റാഫ് സി. എച്ച് .മുജീബ് റഹ്മാൻ , ശ്രുതിലയ എന്നിവരടങ്ങുന്ന കോർ കമ്മിറ്റിയാണ് വാർഡ് ആർ.ആർ.ടിമാരുടെ അപേക്ഷപ്രകാരം വാഹനസൗകര്യം ഏർപ്പാടാക്കുന്നത്. ഇതിനായി പഞ്ചായത്തിൽ ടൂർ ഡയറി സൂക്ഷിക്കുന്നുണ്ട്. ഡയാലിസിസിന് പോകുന്ന മുഴുവൻ വാഹനങ്ങളും അഗ്നിശമന സേന അണുനശീകരണം നടത്തുകയും സന്നദ്ധ പ്രവർത്തകർക്ക് ആയുർവേദ പ്രതിരോധ മരുന്ന് നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ കീമോ തെറാപ്പിക്കായി ഒരാൾക്കും തുടർ പരിശോധനകൾക്ക് അഞ്ച് ഗർഭിണികൾക്കും സൗജന്യ വാഹന സൗകര്യം ലഭിക്കും. പഞ്ചായത്ത് മെമ്പർ ഇ.ടി.അയ്യൂബ് പ്രസിഡന്റും നവാസ് നെല്ലോളി സെക്രട്ടറിയുമായ അഞ്ചാം പീടിക മഹൽ കമ്മിറ്റിയാണ് സാമ്പത്തിക സഹായം നൽകുന്നത്.