covid

കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് കണ്ണൂര്‍ സ്വദേശികളുള്‍പ്പെടെ നാല് പേര്‍ക്ക് ജില്ലയില്‍ രോഗമുക്തി നേടി. കോഴിക്കോട് സ്വദേശികളായ ഒമ്പത് പേരാണ് പോസിറ്റീവായി തുടരുന്നത്. 20 കോഴിക്കോട് ജില്ലക്കാരും നാല് ഇതര ജില്ലക്കാരുമാണ് പോസിറ്റീവായിയുണ്ടായിരുന്നത്. 11 കോഴിക്കോട് സ്വദേശികളും രണ്ട് വീതം കണ്ണൂര്‍, കാസര്‍കോട് സ്വദേശികളും രോഗമുക്തരായി.

ഇന്നലെ 2291 പേര്‍ വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 17597 ആയി. 5203 പേരാണ് ഇനി നിരീക്ഷണത്തിലുള്ളത്. 27 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. നാല് പേരെ ഡിസ്ചാര്‍ജ്ജ് ചെയ്‌തു.

ഇന്നലെ 12 സ്രവ സാമ്പിള്‍ പരിശോധനയ്‌ക്കയച്ചിട്ടുണ്ട്. 732 സ്രവ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 705 എണ്ണത്തിന്റെ ഫലം ലഭിച്ചു. 681 എണ്ണം നെഗറ്റീവാണ്. 27 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി.

മാനസിക സംഘര്‍ഷം കുറയ്‌ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 15 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. 3256 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9620 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി. പെരുവയല്‍, പന്തീരാങ്കാവ് പ്രദേശങ്ങളില്‍ മൈക്ക് പ്രചാരണം നടത്തി.