കൽപ്പറ്റ: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവെച്ച ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുന:രാരംഭിക്കാൻ അനുമതി. ഭാഗിക ഇളവുളള ഓറഞ്ച് ബി കാറ്റഗറിയിൽ വന്നതോടെയാണ് ജില്ലയിൽ പ്രവർത്തികൾ തുടങ്ങാൻ സർക്കാർ അനുമതി നൽകിയത്. ഹോട്ട്സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുളള മൂപ്പൈനാട് പഞ്ചായത്ത് ഒഴികെയുളള പ്രദേശങ്ങളിലാണ് തൊഴിലുറപ്പ് പദ്ധതികൾ നടക്കുക. തൊഴിലാളികളുടെ എണ്ണം കുറച്ച് കൊണ്ടും ശാരീരിക അകലം പാലിച്ചുമാണ് പ്രവർത്തികൾ നടത്തേണ്ടത്. മാർച്ച് 25 മുതലാണ് സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുളള പ്രവർത്തികൾ നിർത്തിവെച്ചത്.
പഞ്ചായത്തുകൾക്ക് പ്രവർത്തികൾ തുടങ്ങുന്നതിനാവശ്യമായ മസ്റ്റർ റോൾ വിതരണം ജില്ലയിൽ തുടങ്ങി. ഈ സാമ്പത്തിക വർഷം മുതൽ അവിദഗ്ധ തൊഴിലാളികളുടെ പ്രതിദിന വേതനം 291 രൂപയാണ്. പൊതുഭൂമിയിലും സ്വകാര്യഭൂമിയിലും വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന പ്രവർത്തികൾക്കും വ്യക്തിഗത കുടുംബ ആസ്തികളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുമാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകേണ്ടത്. പൊതുകുളങ്ങളുടെ പുനരുദ്ധാരണം, തോടുകളുടെയും നിർച്ചാലുകളുടെയും പുനരുദ്ധാരണം, ഫാം പോണ്ടുകളുടെ നിർമ്മാണം, മഴക്കുഴി, മൺകയ്യാലകൾ തുടങ്ങിയവയുടെ നിർമ്മാണം, ജനസേചന കിണറുകളുടെ നിർമ്മാണം, കാർഷിക നഴ്സറി പരിപാലന പ്രവർത്തനങ്ങൾ, നദീപുനരുജ്ജീവന പ്രവർത്തനങ്ങൾ, കയർ ജിയോ ടെക്സ്റ്റയിൽസ് ഉപയോഗിച്ചുള്ള പ്രവൃത്തികളുടെ പൂർത്തീകരണം, കിണർ റീചാർജ്ജിംഗ് എന്നിവ ഏറ്റെടുക്കാം. വ്യക്തിഗത കുടുംബ ആസ്തികളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, പന്നിക്കൂട് നിർമ്മാണം, ശുചിത്വ പരിപാലനത്തിനുളള കമ്പോസ്റ്റ് കുഴി, ദീനബന്ധു ബയോഗ്യാസ് പ്ലാന്റ്, സോക്പിറ്റ്, മിനി എം.സി.എഫുകൾ, പട്ടികജാതി, പട്ടികവർഗ്ഗ, പാർശ്വവത്കൃത കുടുംബങ്ങളുടെ തരിശുഭൂമി കൃഷിയുക്തമാക്കൽ, ജൈവവേലി നിർമ്മാണം, മുൻ വർഷം നിർമ്മാണ പ്രവർത്തനം ആരംഭിച്ചതും എന്നാൽ ലോക്ക് ഡൗൺമൂലം നിർത്തി വച്ചിട്ടുളളതുമായ റോഡുകൾ, പി.എം.എ.വൈ., സംസ്ഥാനാവിഷ്‌കൃത പദ്ധതി വീടുകളുടെ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളും നടത്താൻ അനുമതിയുണ്ട്.
പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ:
തൊഴിലാളികൾ പരസ്പരം നിശ്ചിത അകലം പാലിക്കണം
പണിയായുധങ്ങൾ കൈമാറാൻ പാടില്ല
തൊഴിൽ തുടങ്ങുന്നതിനു മുമ്പും ഇടവേളകളിലും തൊഴിലിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകഴുകക്കണം
സോപ്പും, കൈ കഴുകാനുളള വെളളവും പ്രവൃത്തിയിടങ്ങളിൽ കരുതണം.
വൃത്തിയുളള കൈയ്യുറകളും കഴുകി ഉപയോഗിക്കുവാൻ കഴിയുന്ന തുണി മാസ്‌കകളും ഉപയോഗിക്കണം.
വിയർപ്പ് തുടയ്ക്കാൻ തോർത്ത് ഓരോരുത്തരും കയ്യിൽ കരുതണം.
പനി,ചുമ,ശ്വാസ തടസ്സം എന്നീ ബുദ്ധിമുട്ടുളളവർ ഉടൻതന്നെ അടുത്തുളള ആരോഗ്യകേന്ദ്രത്തിൽ നിന്ന് വൈദ്യസഹായം തേടണം.
പ്രവർത്തി സ്ഥലത്ത് മുറുക്കാൻ,പുകവലി,പാൻ ഉപയോഗം എന്നിവ പാടില്ല.
പ്രവർത്തി സ്ഥലത്തും പൊതുസ്ഥലങ്ങളിലും തുപ്പാൻ പാടില്ല.