kodiyathur

കൊടിയത്തൂർ: കൊവിഡ് ഭീതിയിൽ വിദ്യാലയ കവാടങ്ങൾ കൊട്ടിയടച്ചതോടെ വീട്ടിൽ ലോക്കായ സൗത്ത് കൊടിയത്തൂർ എ.യു.പി സ്‌കൂളിലെ കുട്ടികൾക്ക് ബോറടിച്ചിരിക്കാൻ മനസില്ല. അടുത്ത അദ്ധ്യയന വർഷം മികവുറ്റതാക്കാൻ അദ്ധ്യാപകരുടെ സഹായത്തോടെ പാഠ്യേതര പ്രവർത്തനങ്ങളുടെ തിരക്കിലാണവർ. കുട്ടികൾ തയ്യാറാക്കിയ കൊവിഡ് പ്രതിരോധ വീഡിയോകൾ, ചിത്രങ്ങൾ, പറവകൾക്ക് കുടിനീർ നൽകുന്ന ദൃശ്യങ്ങൾ എന്നിവയെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ഒാൺലൈൻ പരീക്ഷ, ക്വിസ് മത്സരങ്ങൾ, കഥ, കവിത രചനാ മത്സരങ്ങൾ, പേപ്പർ, പാഴ് വസ്തുക്കൾ കൊണ്ടുള്ള കരകൗശല വസ്തുനിർമ്മാണം, ചിത്ര രചന, പുസ്തക പരിചയം, സഹജീവി സ്‌നേഹം വളർത്തുന്ന 'നീർകുടം', അടുക്കള തോട്ടം, ഗാനാലാപനം, കഥ പറയൽ, ഗണിതപാഠം എന്നിങ്ങനെ നീളുന്നതാണ് കുട്ടികളുടെ പഠനപ്രവർത്തനം.

അദ്ധ്യാപകർ ക്ലാസ് ഗ്രൂപ്പ് വഴിയും മറ്റും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചാണ് കുട്ടികളുടെ ടാസ്‌ക് പുരോഗമിക്കുന്നത്. മികച്ച പ്രവർത്തനങ്ങൾക്ക് സമ്മാനവും നൽകും.