കൽപ്പറ്റ: ജി​ല്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിഞ്ഞ 1375 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കിയവരുടെ എണ്ണം 10246 പേരായി.

ചൊവ്വാഴ്ച ജില്ലയിൽ 26 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 3472 ആണ്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത് എട്ട് പേരാണ്. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച 270 സാമ്പിളുകളിൽ നിന്നും 262 എണ്ണത്തിന്റെ ഫലം ലഭിച്ചു. 7 എണ്ണത്തിന്റെ പരിശോധന ഫലം ലഭിക്കാൻ ഉണ്ട്. ലഭിച്ച സാമ്പിളുകളിൽ 259 എണ്ണം നെഗറ്റീവ് ആണ്.

ബീഡി തൊഴിലാളികൾക്ക് ധനസഹായം
കൽപ്പറ്റ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് ഇൻകം സപ്പോർട്ട് സ്‌കീം പ്രകാരം സർക്കാർ അനുവദിച്ച ധനസഹായം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു തുടങ്ങി. 3000 രൂപ വീതമാണ് ഓരോ തൊഴിലാളിക്കും അനുവദിച്ചിട്ടുള്ളത്.


അക്ഷയ കേന്ദ്രങ്ങൾ വീണ്ടും സജീവം
കൽപ്പറ്റ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിൽ ജില്ലയിലെ അക്ഷയ കേന്ദ്രങ്ങൾ വീണ്ടും സജീവമായി. ആരോഗ്യ വകുപ്പിന്റെ പ്രതിരോധ മാർഗ്ഗങ്ങൾ പാലിച്ചാണ് മുഴുവൻ അക്ഷയ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്. ഹോട്ട്സ്‌പോട്ട് പഞ്ചായത്ത് ആയി പ്രഖ്യാപിച്ച മൂപ്പൈനാട് പഞ്ചായത്തിലെ മൂന്ന് അക്ഷയ കേന്ദ്രങ്ങൾ ഒഴികെയുള്ളവയ്ക്കാണ് പ്രവർത്തന അനുമതി.

മറ്റു ജില്ലകളിലേക്കുള്ള യാത്രാ പാസ്സിനായി ജാഗ്രതാ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കുക, വിവിധ ക്ഷേമനിധി ബോർഡുകളിലേക്ക് ധനസഹായത്തിനുള്ള അപേക്ഷ, നോർക്ക റൂട്ട്സ് മുഖാന്തരം പ്രവാസികൾക്ക് പ്രഖ്യാപിച്ചിട്ടുള്ള ധനസഹായത്തിനുള്ള അപേക്ഷ, റവന്യൂ നികുതി, വാഹന നികുതി എന്നിവ അടയ്ക്കുന്നതിനുള്ള സൗകര്യം തുടങ്ങിയ സേവനങ്ങളാണ് അക്ഷയ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്.

ജില്ലയിൽ 68 അക്ഷയ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. കൊവിഡ് രോഗ പശ്ചാത്തലത്തിൽ ഒരുസമയം ഒരാൾക്ക് മാത്രമാണ് സേവനം ലഭിക്കുക.

വൈദ്യതി മുടങ്ങും
വെള്ളമുണ്ട സെക്ഷന് കീഴിൽ വരുന്ന വാളേരി, കുനിക്കരച്ചാൽ, കുനിക്കരച്ചാൽ ജലനിധി, പാറക്കടവ്, വെള്ളമുണ്ട എച്ച്.എസ്,പഴഞ്ചന ഭാഗങ്ങളിൽ ഇന്ന് രാവിലെ 8.00 മണി മുതൽ വൈകുന്നേരം 5.00 മണി വരെ പൂർണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
പുൽപ്പള്ളി സെക്ഷനിലെ കളനാടിക്കൊല്ലി, കേളകവല, ഷെഡ്, വലിയകുരിശ്, ചെട്ടിപ്പാമ്പ്ര എന്നീ ട്രാൻസ്‌ഫോർമേറുകളിൽ ഇന്ന് രാവിലെ 9.30 മുതൽ 5.30 വരെ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.
പനമരം സെക്ഷനിലെ കരിമ്പുമ്മൽ, മൂലവയൽ, ആടയാട്ട് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 6 വരെ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.

സബ് സ്റ്റേഷൻ മെയിന്റനൻസ് പ്രവൃത്തി നടക്കുന്നതിനാൽ 23 ന് പടിച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 8 മണി മുതൽ ഉച്ച തിരിഞ്ഞു 2 മണി വരെ വൈദ്യുതി മുടങ്ങും.

33 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ സെക്ഷനിലെ മുഴുവൻ പ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങും.


ആരോഗ്യ പ്രവർത്തകർക്ക് സഹായവുമായി
ജീവനക്കാരുടെ സഹകരണ സംഘം
കൽപ്പറ്റ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയിലെ ജീവനക്കാർക്ക് ദിവസേന ഭക്ഷണം എത്തിച്ചു നൽകി മാതൃകയാവുകയാണ് കൽപ്പറ്റ ഗവ.സർവ്വന്റ്സ് സഹകരണ സംഘം. ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിലാണ് കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ കാന്റീനിൽ തയ്യാറാക്കുന്ന ഭക്ഷണം വീട്ടിൽ പോകാനാകാതെ ആശുപത്രിയിൽ താമസിച്ച് ജോലി ചെയ്യുന്ന ജീവനക്കാർക്ക് എത്തിച്ചു നൽകുന്നത്. ലോക്ക് ഡൗൺ കാലയളവിൽ ഹോട്ടലുകളിൽ നിന്നും മറ്റും ഭക്ഷണം ലഭ്യമാക്കാൻ കഴിയാതെ ആശങ്കയിലായിരുന്ന ദിവസ വേതനക്കാർ ഉൾപ്പെടെയുള്ള ജീവനക്കാർക്കും ആശുപത്രി അധികൃതർക്കും ഇത് ഏറെ ഉപകാരപ്രദമായി. ആശുപത്രിയിൽ താമസിച്ചു ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് സൗജന്യമായാണ് സംഘം ഈ സേവനം നൽകുന്നത്.

ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നൽകി
കൽപ്പറ്റ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൽപ്പറ്റ ഗവ സർവ്വന്റ്സ് സഹകരണ സംഘം ഒരു ലക്ഷം രൂപ സംഭാവനയായി നൽകി. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ളയ്ക്ക് സംഘം പ്രസിഡന്റ് ജീവൻ ജോൺസ് ഡിമാന്റ് ഡ്രാഫ്റ്റ് കൈമാറി. ഭരണസമിതി അംഗങ്ങളായ കെ.പി അനീഷ്‌കുമാർ,കെ.ദിലീപ്കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആരോഗ്യ കർമ്മപദ്ധതി അവതരിപ്പിച്ചു
കൽപ്പറ്റ: ജില്ലയിൽ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയുള്ള മൂന്ന് മാസം ആരോഗ്യ വകുപ്പ് സ്വീകരിക്കേണ്ട കർമ്മപദ്ധതി ജില്ലാഭരണകൂടം അവതരിപ്പിച്ചു. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിലാണ് പദ്ധതികൾ അവതരിപ്പിച്ചത്.
രോഗ ബാധ തടയുന്നതിനായി ജില്ലാ അതിർത്തികളിൽ താത്കാലിക മെഡിക്കൽ ക്ലിനിക്കുകൾ ആരംഭിക്കും. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് എത്തുന്നവരെ ക്ലിനിക്കുകളിൽ പരിശോധിച്ച് രോഗ ലക്ഷണമുളളവരെ കൊവിഡ് കെയർ സെന്ററുകളിലാക്കുകയും മറ്റ് ജില്ലകളിലുളളവരുടെ വിവരങ്ങൾ ശേഖരിച്ച് അതത് ജില്ലകളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നടപടികളും സ്വീകരിക്കും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള കർശന നിർദേശ പ്രകാരമായിരിക്കും ഇവരെ വീടുകളിൽ എത്തിക്കുന്നത്. പ്രവർത്തന പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കുളള ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതപ്പെടുത്താൻ തീരുമാനിച്ചു. ജില്ലയിലെ അഞ്ച് വീടുകൾക്ക് ഒരു വളണ്ടിയറെ നിയമിച്ച് നിരീക്ഷണം ഉറപ്പ് വരുത്തും. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കോവിഡ് നിരീക്ഷണ സമിതി രൂപീകരിക്കുവാനും സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനും തീരുമാനിച്ചു.
കൊവിഡ് ആശുപത്രിയായ മാനന്തവാടി സർക്കാർ ആശുപത്രിയിലെ സൗകര്യങ്ങളും വിലയിരുത്തി. കൂടുതൽ സ്ഥാപനങ്ങളെ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റി കൂടുതൽ കിടക്കകൾ കണ്ടെത്തുവാൻ തീരുമാനിച്ചു.

യോഗത്തിൽ ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ, ജില്ലാ മെഡിക്കൽ ഓഫീസർ ആർ.രേണുക തുടങ്ങിയവർ പങ്കെടുത്തു.

കോഫി വെൻഡിംഗ് മെഷീൻ ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: കളക്ടറേറ്റിലെ ജില്ലാ ദുരന്ത നിവാരണ കേന്ദ്രത്തിലേക്ക് കോർപറേഷൻ ബാങ്ക്, നിലവിൽ യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യ, കൽപറ്റ ശാഖ നല്കിയ കോഫി വെൻഡിംഗ് മെഷീൻ ജില്ലാ പൊലിസ് മേധാവി ആർ. ഇളങ്കോ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള,ബാങ്ക് മാനേജർ ഹാരിസ്, ഡെപ്യൂട്ടികളക്ടർ കെ.അജീഷ് എന്നിവർ സന്നിഹിതരായിരുന്നു.
(ചിത്രം)

വ്യവസ്ഥകളോടെ കടകൾ തുറക്കാൻ അനുമതി
കൽപ്പറ്റ: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് അനുവദിച്ച സാഹചര്യത്തിൽ അവശ്യ സേവനങ്ങളായ ഭക്ഷണം, കൃഷി എന്നിവയ്ക്ക് പുറമേ കെട്ടിട നിർമ്മാണ വസ്തുക്കളുടെ വിൽപ്പന സ്ഥാപനങ്ങൾക്കും വ്യവസ്ഥകളോടെ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള അറിയിച്ചു. സിമന്റ്,കമ്പി,പൈപ്പ് എന്നിവയുടെ ഷോപ്പുകൾ എല്ലാ ദിവസവും രാവിലെ 10 മുതൽ 5 വരെ തുറന്നു പ്രവർത്തിക്കും. ഹാർഡ് വെയർ സ്റ്റോറുകൾ, ടൈൽസ്,പെയിന്റ്, പ്ലംബിംഗ്, സാനിറ്ററി ,ഇലക്ട്റി​ക്കൽ സാമഗ്രി​കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് തിങ്കൾ, ബുധൻ,വെള്ളി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ പ്രവർത്തിക്കാം. ഫൂട്ട് വെയർ സ്ഥാപനങ്ങൾ ചൊവ്വാഴ്ചകളിൽ രാവിലെ 10 മുതൽ 3 വരെ തുറക്കും.
കുഞ്ഞുടുപ്പുകൾ, അടിവസ്ത്രം, തോർത്ത്, ആശുപത്രി ആവശ്യങ്ങൾക്കുള്ള തുണികൾ എന്നിവയുടെ വിൽപ്പനയ്ക്കുള്ള ചെറുകിട തുണിക്കടകൾ വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 3 മണി വരെ പ്രവർത്തിക്കും.

റെക്സിൻ വിൽപന കടകൾക്ക് ശനിയാഴ്ചകളിൽ രാവിലെ 10 മുതൽ 2 വരെ തുറക്കാം. ഇളവ് അനുവദിച്ച കടകളിൽ ഒരുസമയം രണ്ടിൽ കൂടുതൽ ആളുകളെ പ്രവേശിക്കാൻ അനുവദിക്കരുത്. സുരക്ഷാ നടപടികൾ സ്വീകരിക്കണം.
ഹോം ഡെലിവറിക്കായി തുറന്നു പ്രവർത്തിക്കുന്ന ഹോട്ടൽ, റെസ്റ്റോറന്റുകൾ എന്നിവയുടെ ഷട്ടർ തുറക്കാം. അകത്തേക്ക് പ്രവേശനം അനുവദിക്കരുത്. അവശ്യ സർവീസുകളായ കടകളിൽ പ്രവർത്തിക്കുന്നവരുടെ കുടുംബാംഗങ്ങളെ വയനാട്ടിലേക്ക് കൊണ്ടുവരാൻ അനുമതി നൽകും. ഇങ്ങനെ വരുന്നവർ ക്വാറന്റൈയിനിൽ കഴിയണം. ലോക്ക് ഡൗൺ കഴിയാതെ യാതൊരു കാരണവശാലും തിരികെ പോകാൻ അനുമതി ലഭിക്കി​ല്ല.

അസാപ് വെബിനാർ സീരീസ് തുടങ്ങി​
കൽപ്പറ്റ: ലോക്ക് ഡൗൺ സാഹചര്യത്തിൽ ടെക്‌നോളജിയുടെ നൂതനമായ മേഖലകൾ പരിചയിക്കുവാനും അതുവഴി തൊഴിൽ ക്ഷമതയുടെ പുതിയ കൈവഴികൾ ആർജിക്കുവാനുമായി അസാപ് വെബിനാർ സീരീസ് പദ്ധതി ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള കളക്ട്രേറ്റിൽ ഉദ്യോഗാർത്ഥികളുമായി സംവദിച്ച് ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ ട്രെയിനർ ഡോ.ബിജേഷ് ജോൺ മാറുന്ന തൊഴിലവസരങ്ങളെ സംബന്ധിച്ച് സംസാരിച്ചു. എല്ലാ ദിവസവും വൈകീട്ട് 4 നാണ് പ്രഗത്ഭരുടെ പരിശീലന പരിപാടികൾ ഉണ്ടാവുക. ഇതിനായി http://www.skillparkkerala.in/webinars ലോഗ് ഇൻ ചെയ്യണം.
(ചിത്രം)