സുൽത്താൻ ബത്തേരി: നിർമ്മാണമേഖലയ്ക്ക് ലോക്ഡൗണിൽ നിന്ന് ഇളവ് അനുവദിച്ചതോടെ അന്യ സംസ്ഥാന തൊഴിലാളികൾ സജീവമായി രംഗത്തിറങ്ങി. ഇതോടെ കഴിഞ്ഞ ഒരു മാസമായി നിശ്ചലമായി കിടന്ന നിർമ്മാണ മേഖലയിൽ പ്രവർത്തനം തുടങ്ങി.
വയനാട്ടിൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് ബംഗാളികളാണ്. ലോക് ഡൗൺ കാലത്ത് സ്വന്തം നാട്ടിലേക്ക് പോകാൻ കഴിയാതിരുന്ന ഇവർ പ്രത്യേക കേന്ദ്രങ്ങളിൽ താമസിച്ചു വരുകയായിരുന്നു. ലോക്ഡൗണിൽ നിർമ്മാണ മേഖല സ്തംഭിച്ചതോടെ ഇവരുടെ ജീവിതം വഴിമുട്ടിയിരുന്നു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായങ്ങളാണ് ഇവർക്ക് തുണയായത്. ജോലിയും കൂലിയുമില്ലാതെ കഴിഞ്ഞുവന്ന അന്യ സംസ്ഥാന തൊഴിലാളികൾ ഇളവ് പ്രഖ്യാപിച്ച് പണികൾ ആരംഭിച്ചതോടെ വീണ്ടും ജോലിയിൽ മുഴുകിക്കഴിഞ്ഞു.
സിമന്റ് കൂട്ടുന്ന ജോലി ചെയ്യുന്നവർ മുതൽ എഞ്ചി​നിയർമാർ വരെയുണ്ട് അന്യസംസ്ഥാനത്തു നി​ന്ന് നിർമ്മാണമേഖലയിൽ ജോലിക്കെത്തിയവരി​ൽ. ലോക്ഡൗൺ പ്രഖ്യാപനത്തോടെ പാതി വഴിയിൽ നിർത്തിവെച്ച ജോലികളാണ് പുനരാരംഭിച്ചിരിക്കുന്നത്. പലയി​ടങ്ങളിലും സംഭരിച്ചുവെച്ച അസംസ്‌കൃത സാധനങ്ങൾ നശിച്ചുപോയിട്ടുണ്ട്. സിമന്റ് കട്ടപിടിച്ചും മറ്റും നിർമ്മാണമേഖലയിൽ വലി​യ നഷ്ട സംഭവിച്ചിട്ടുണ്ട്.
ഇളവ് അനുവദിച്ചതോടെ കാർഷികമേഖലയിലും ഉണർവ് ഉണ്ടായി. എന്നാൽ കർണാടക,തമിഴ്നാട് എന്നിവിടങ്ങളിൽ കൊവിഡ് അവി​ടെ നിന്നുള്ള തൊഴിലാളികൾ എത്തുന്നതി​ന് തടസ്സമായി​. തോട്ടംമേഖലയിലും വീടുകളിലുമായി താമസിച്ച് ജോലിചെയ്തു വന്നവർ മാത്രമാണ് ജില്ലയിൽ അവശേഷിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളി​ൽ ലഭിച്ച വേനൽ മഴ കൃഷിയിറക്കുന്നതിന് അനുയോജ്യമായി.

ഫോട്ടോ
ലോക് ഡൗൺ ഇളവ് അനുവദിച്ചതോടെ നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴി​ലാളി​കൾ