നാദാപുരം: കണ്ണൂർ ജില്ലയിൽ കൂടുതൽ കൊവിഡ് കേസുകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലാ അതിർത്തികൾ അടച്ച് പൊലീസ് പരിശോധന കർശനമാക്കി. പെരിങ്ങത്തൂർ, മുണ്ടത്തോട്, ചെറ്റക്കണ്ടി, കായലോട്ട് താഴെ പാലം തുടങ്ങിയ പ്രദേശങ്ങളിൽ പൊലീസ് പിക്കറ്റ് പോസ്റ്റുകൾ സ്ഥാപിച്ചു. പൊലീസിന് പുറമെ റവന്യൂ അധികൃതരും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കണ്ണൂർ ജില്ലയിലെ ചെറുവാഞ്ചേരി, കുന്നോത്ത് പറമ്പ് പ്രദേശങ്ങൾ നാദാപുരത്തോട് തൊട്ടുനിൽക്കുന്നതിനാലാണ് കടുത്ത ജാഗ്രത. രോഗികളുടെ സഞ്ചാര പാത ജില്ലാ അതിർത്തി പ്രദേശങ്ങളായതിനാൽ ആരോഗ്യ വകുപ്പും നടപടി കർശനമാക്കിയിട്ടുണ്ട്. ചെക്യാട് പഞ്ചായത്തിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനാൽ വാർഡിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നാദാപുരത്ത് ലോക്ക് ഡൗൺ ലംഘിച്ചതിന് ഇന്നലെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. അഞ്ച് ബൈക്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. വളയത്ത് അഞ്ചുപേർക്കെതിരെ കേസെടുക്കുകയും നാല് ബൈക്കുകൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.