nta

കോഴിക്കോട്: കൊവിഡ് ലോക്ക് ഡൗണിൽ തകർന്ന കൊപ്ര വ്യവസായത്തോട് സർക്കാർ മുഖം തിരിക്കുകയല്ലേ?. കാർഷിക മേഖലയിൽ കൈത്താങ്ങേകുന്ന സർക്കാർ കൊപ്ര വ്യവസായത്തെ കൂടി പരിഗണിച്ചാലേ രക്ഷയുള്ളൂവെന്ന് നാളികേര കർഷകരുൾപ്പെടെ പറയുന്നു. കൊപ്ര വിപണി പുനഃരാരംഭിക്കാൻ നടപടി വേണമെന്ന ആവശ്യമുയർത്തുകയാണ് കച്ചവടക്കാർ. സർക്കാർ നേരിട്ട് കൊപ്ര സംഭരിക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്.

ചകിരി നീക്കിയ നാളികേരം രണ്ടാഴ്ചയ്‌ക്കുള്ളിലും ചിരട്ട നീക്കിയത് രണ്ട് മൂന്ന് ദിവസത്തിനുള്ളിലും വിൽക്കണം. എന്നാൽ ലോക്ക് ഡൗണായതോടെ മിക്കയിടത്തും നാളികേരം കൂടിക്കിടന്ന് നശിക്കുകയാണ്. ഇതോടെ കേരകർഷകർക്കും കൊപ്ര വ്യവസായികൾക്കും വൻസാമ്പത്തിക നഷ്ടമാണുണ്ടായത്.
പുകയുള്ള തേങ്ങാക്കൂടിൽ ഒമ്പത് മാസം കൊണ്ടും, പുക കുറഞ്ഞ കൂട്ടിൽ ഒരു വർഷം കൊണ്ടും തേങ്ങയെ കൊപ്രയാക്കി (ബോഡ) മാറ്റാം. കൂടുതൽ ഉണങ്ങിയാൽ കൊപ്രയുടെ അകം ചുവക്കും. ഇതിന് വിപണിയിൽ പകുതി വിലപോലും ലഭിക്കില്ല. ഇതുകാരണം ഇങ്ങനെയുള്ള കൊപ്ര പകുതി മുറിച്ചാണ് വിൽക്കുന്നത്.

മലബാറിന്റെ സാമ്പത്തായ കൊപ്ര വിപണിക്ക് പൂട്ട് വീണത് പ്രദേശത്തെ കേര കർഷകർക്കും തെങ്ങിൻ തോട്ടമുള്ള നല്ലൊരു ശതമാനം പ്രവാസികൾക്കും വലിയ തിരിച്ചടിയായി. കഴിഞ്ഞ ദിവസം വടകര അടക്കാതെരുവിൽ കൊപ്ര വിപണി തുറക്കുന്നതിനിടെ പരാതി വന്നതോടെ പൂട്ടിച്ചു. കൊവിഡ് നിയന്ത്രണ മാർഗരേഖകൾ പാലിച്ച് കൊപ്ര വിപണി അടിയന്തരമായി വീണ്ടും തുറക്കണമെന്ന് മലബാർ ഡെവലപ്മെന്റ് ഫോറം സർക്കാറിനോട് ആവശ്യപ്പെട്ടു.