പയ്യോളി: ലോക്ക് ഡൗണിൽ പട്ടിണിയിലായ മേപ്പയ്യർ ടൗണിലും പരിസരത്തും അലയുന്ന തെരുവ് നായ്‌ക്കൾക്ക് ഭക്ഷണമെത്തിക്കുകയാണ് മേപ്പയ്യൂർ സുരഭി ഹോട്ടൽ ഉടമ വിനോദനും കൈലാസ് ഹോട്ടൽ ഉടമ ബാബുവും. മേപ്പയ്യൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലെ ചോറും കറിയും, സമീപത്തെ കടയിൽ നിന്ന് കളയുന്ന കോഴിക്കാലുകൾ ശേഖരിച്ച് വീട്ടിൽ പാചകം ചെയ്യുന്ന ഭക്ഷണവുമാണ് വിനോദ് എല്ലാ ദിവസവും നായ്‌ക്കൾക്ക് എത്തിക്കുന്നത്. ഭക്ഷണം വിതരണത്തിൽ സഹായവുമായി ബാവുവും ഒപ്പമെത്തും.
ഹോട്ടലുകൾ ലോക്ക് ഡൗണായതോടെയാണ് ഇവരുടെ മുഖ്യജോലി തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകലായത്. ഇതിനായി പഞ്ചായത്ത് പാസും നൽകിയിട്ടുണ്ട്. മേപ്പയ്യൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 50ൽ കൂടുതൽ തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൃത്യമായി നൽകാൻ സാധിക്കുന്നതായി വിനോദ് പറയുന്നു. സ്വന്തം വാഹനത്തിലാണ് ഭക്ഷണം കൊണ്ടുപോകുന്നത്. വിനോദിന്റെ കാർ വരുന്നത് കാണുമ്പോഴെ നായ്‌ക്കൾ കൂട്ടം കൂടിയിരിക്കും.