oppana

വടകര: വാഹനാപകടത്തിൽ പെട്ട് വയ്യാതായതോടെ ജീവിതത്തിന്റെ താളം തെറ്റിയെങ്കിലും ഇപ്പോഴും മാപ്പിളപ്പാട്ടിന്റെ താളത്തിൽ അലിയുകയാണ് ഒപ്പന ബാബു. നിവർന്നു നടക്കാൻ തന്നെ പ്രയാസപ്പെടുമ്പോഴും ഇദ്ദേഹത്തിന് ഒപ്പനക്കൂട്ടത്തിൽ നിന്നു മാറുന്നത് ആലോചിക്കാനാവില്ല. സീസണായാൽ ഒപ്പന പരിശീലനത്തിന് ബാബുവിനെ തേടി ആളുകളുടെ തിരക്കായിരിക്കും. മാർച്ചിൽ വടകര റൂറൽ ബാങ്ക് വാർഷികാഘോഷത്തിനുള്ള ഒപ്പനയ്ക്ക് ചെല്ലാമെന്ന് ഏറ്റതാണ്. പക്ഷേ, കൊവിഡ് ആക്രമണത്തിൽ ലോക്ക് ഡൗൺ വന്നതോടെ സീസൺ തന്നെ തകിടം മറിഞ്ഞു.

എസ്.എസ്.എൽ.സി വിദ്യാർത്ഥിയായിരിക്കെ 1980ൽ മടപ്പള്ളി സ്‌കൂൾ ഒപ്പനയ്‌ക്ക് സംസ്ഥാനതലത്തിൽ ഒന്നാമതെത്തിയപ്പോൾ ഒഞ്ചിയത്തെ കൂവക്കൂൽ താഴക്കുനിയിൽ ബാബുവായിരുന്നു നായകസ്ഥാനത്ത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം നിറുത്തേണ്ടി വന്ന ബാബു പിന്നീട് മറ്റു ജോലികൾക്കിടയിൽ ഒപ്പന പരിശീലിപ്പിക്കുന്നതിലേക്കും തിരിയുകയായിരുന്നു. ബാബു എത്തിയാൽ ആഴ്ചകൾ നീളുന്ന പരിശീലനത്തിന് പ്രതിഫലത്തിന്റെ കാര്യത്തിൽ വേവലാതിപ്പെടേണ്ടന്ന ആശ്വാസവുമുണ്ടായിരുന്നു സംഘാടകർക്ക്.

ഒഞ്ചിയം യു.പി, മടപ്പള്ളി ഹൈസ്‌കൂൾ, അഴിയൂർ യു.പി, ഹൈസ്‌കൂൾ, ഓർക്കാട്ടേരി ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ കലോത്സവങ്ങളിൽ വർഷങ്ങളോളം ഒപ്പന പരിശീലകനായി എത്തിയ ബാബു കാൽ നൂറ്റാണ്ടോളം ആ വേഷത്തിൽ സജീവമായി നിന്നു. ഒപ്പനപ്പാട്ട് തിരഞ്ഞെടുക്കാൻ പലപ്പോഴും പിന്നണി ഗായകൻ വി.ടി. മുരളിയുടെ ഉപദേശമാണ് തേടുക. വടകര താഴെ അങ്ങാടിയിലെ ഉമ്മർ മാസ്റ്ററാണ് ഒപ്പനയിൽ ബാബുവിന്റെ ഗുരു.

 വില്ലനായത് ബൈക്ക് അപകടം

പതിനഞ്ച് വർഷം മുമ്പ് ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുമ്പോഴാണ് വിധി അപകടത്തിന്റെ രൂപത്തിൽ വില്ലനായത്. ബാബു ജോലി ചെയ്‌തുവന്ന കമ്പനിയുടെ ഉടമ ഓടിച്ചിരുന്ന ബൈക്കിന് പിറകിൽ സഞ്ചരിക്കവെ കൈനാട്ടിയിൽ വച്ച് ഓട്ടോറിക്ഷ ഇടിച്ചായിരുന്നു അപകടം. തെറിച്ചു വീണ ബാബുവിന് കാര്യമായ ക്ഷതമേറ്റു. തുടർന്ന് നടുവേദനയും കാലുകൾക്ക് ബലഹീനതയുമുണ്ടായി. അതോടെ പഴയപോലെ ഒപ്പന പരിശീലനത്തിന് പോകാൻ പറ്റാതായി.

ഓർക്കാട്ടേരി കരിഷ്മ ബ്രാ കമ്പനി ജീവനക്കാരനാണെങ്കിലും ദേഹാസ്വാസ്ഥ്യം കാരണം കാര്യമായി ജോലി ചെയ്യാനാവുന്നില്ല. സർക്കാരിന്റെ വികലാംഗ പെൻഷൻ ആശ്വാസമായുണ്ട്. നീതയാണ് ഭാര്യ. പ്ലസ് ടു കഴിഞ്ഞ അഭിറാമും പ്ലസ് ടു വിദ്യാർത്ഥിനി അഥീനയും മക്കൾ.