കുന്ദമംഗലം: പൂനൂർ പുഴയിൽ പണ്ടാരപ്പറമ്പ് പാലത്തിനു സമീപം കക്കൂസ് മാലിന്യം തള്ളി. പൊയിൽതാഴം റോഡിൽ നിന്നാണ് മാലിന്യം പുഴയിലേക്ക് തള്ളിയത്. വേനലിൽ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികളുടെ രണ്ട് കിണറുകൾക്ക് സമീപമാണ് രാത്രിയിൽ ടാങ്കർ ലോറിയിൽ കൊണ്ടുവന്ന് മാലിന്യം ഒഴുക്കിയത്. ഇതിനു മുമ്പ് അറവു മാലിന്യവും പോത്തിന്റെ ജഡവും തള്ളിയ സംഭവം ഉണ്ടായിട്ടുണ്ട്. റോഡിനോട് ചേർന്ന വിജനമായ സ്ഥലമായതിനാൽ മാലിന്യം തള്ളാൻ സൗകര്യമായിരിക്കുകയാണ്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ എം.ബാബുമോൻ, കുരുവട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഭാസ്‌കരൻ മാസ്റ്റർ, കുന്ദമംഗലംഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് ബാബു, കുന്ദമംഗലം എസ്.ഐ സുരേഷ് ബാബു, കുരുവട്ടൂർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.