photo

ബാലുശ്ശേരി: കൊവിഡ് ലോക് ഡൗണും അകലം പാലിക്കൽ മുന്നറിയുപ്പുമെല്ലാം തുടരുമ്പോൾ രാജൻ ബാലുശ്ശേരി എഴുത്തിനോടും വായനയോടും കൂടുതൽ അടുക്കുകയാണ്. പത്രപ്രവർത്തകനും സാമൂഹ്യ - സാംസ്കാരിക പ്രവർത്തകനുമായ രാജൻ തന്റെ വീട്ടിലെ ലൈബ്രറിയിൽ ഇനിയും വായിക്കാത്ത പുസ്തകങ്ങളിലേക്ക് കണ്ണോടിക്കുകയാണ്.

മൂന്നര പതിറ്റാണ്ട് മുമ്പത്തെ പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വൻശേഖരം രാജന്റെ ലൈബ്രറിയിലുണ്ട്. ഇതിൽ ആദ്ധ്യാത്മിക ശാസ്ത്ര ഗ്രന്ഥങ്ങൾ തുടങ്ങി ബാല പുസ്തകങ്ങൾ വരെ കൂട്ടത്തിലുണ്ട്. ഇവയിൽ വിവേകാനന്ദന്റെയും ഗാന്ധിജിയുടെതുമാണ് കൂടുതൽ.

സുകുമാർ അഴീക്കോടുമായി അടുത്ത ബന്ധമുണ്ടായിരുന്ന രാജൻ നിരവധി തവണ അദ്ദേഹത്തെ ബാലുശ്ശേരിയിലെത്തിച്ചിട്ടുണ്ട്. ഒരു തവണ ബാലുശ്ശേരിയിലെത്തിയപ്പോൾ അഴീക്കോടിന് ഉപഹാരമായി നൽകിയത് അദ്ദേഹത്തിന്റെ 23-ാം വയസിലെ ഫോട്ടോയായിരുന്നു. ഈ വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ന് സർക്കാർ മ്യൂസിയമായ അഴീക്കോടിന്റെ തൃശൂർ എരവിമംഗലത്തെ വീട്ടിൽ ഈ ഫോട്ടോ ഇപ്പോഴുമുണ്ട്. സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ പ്രസിദ്ധീകരിച്ച രാജന്റെ പ്രഥമ പുസ്തകമായ ദാർശനിക ദളങ്ങൾക്ക് അവതാരിക എഴുതിയതും പ്രകാശനം ചെയ്തതും അഴീക്കോടായിരുന്നു.

പരിസ്ഥിതി പ്രവർത്തനത്തിൽ സജീവമായ രാജൻ, പ്രൊഫ. ശോഭീന്ദ്രന്റെ നേതൃത്വത്തിലുള്ള ഗ്രീൻ വേൾഡ് സംഘടനയുമായി സഹകരിക്കുന്നുണ്ട്. പരിസ്ഥിതി സംബന്ധമായ അദ്ദേഹത്തിന്റെ ലേഖനങ്ങൾ സമാഹരിച്ച് 'പാരിസ്ഥിതികം" എന്ന ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകൻ ഡോ. എ. അച്ചുതനാണ് അവതാരിക എഴുതിയത്.

1985 മുതൽ പത്രങ്ങളിലും ആനുകാലികങ്ങളിലും പ്രതികരണ കുറിപ്പുകളെഴുതുന്ന രാജൻ ഇപ്പോഴും അത് തുടരുന്നുണ്ട്. പ്രധാനപ്പെട്ട 50 പ്രതികരണ കുറിപ്പുകൾ സമാഹരിച്ച് ഡോ. കെ. ശ്രീകുമാറിന്റെ ആമുഖത്തോടെയുള്ള 'പ്രതിസ്‌പന്ദനങ്ങൾ" , ഡോ. എൻ.വി.പി. ഉണ്ണിത്തിരിയുടെ അവതാരികയോടെ വിവേകാനന്ദനെ കുറിച്ചുള്ള 'വേറിട്ടൊരു ആത്മീയ തേജസ്", അഴീക്കോടുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള 'ഞാനറിയുന്ന അഴീക്കോട്" എന്നീ പുസ്തകങ്ങൾ പ്രകാശനത്തിനായി കാത്തിരിക്കുകയാണ്.

ലോക് ഡൗണിൽ അടുത്ത പുസ്തകത്തിന്റെ പണിപ്പുരയിലാണ് രാജൻ. ബാലുശ്ശേരി പൊന്നരം തെരുപാണൻ കണ്ടി തത്വമസിയിലാണ് താമസം. ഭാര്യ കെ.വി.ഗിരിജ അങ്കണവാടി വർക്കറാണ്. മക്കൾ:ഡോ.ആതിര, അപർണ (വെറ്ററിനറി വിദ്യാർത്ഥിനി), ശബരീഷ് (പ്ലസ് ടു വിദ്യാർത്ഥി).