കോഴിക്കോട്: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനായി ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആയുർവേദ, ഹോമിയോ മരുന്ന് വിതരണം തുടങ്ങി. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണിത്.
ഹോമിയോ മരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണിയ്ക്ക് നൽകി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിർവഹിച്ചു. ഒരു പഞ്ചായത്തിൽ 5000 ഗുളികകൾ വീതം ജില്ലയിലെ എഴുപത് പഞ്ചായത്തുകളിലായി മൂന്നര ലക്ഷം ഗുളികകളാണ് ആദ്യഘട്ടത്തിൽ നൽകുക. കൂടുതൽ ആവശ്യമായി വന്നാൽ രണ്ടാംഘട്ടത്തിലും ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കും. ഓരോ ഗ്രാമ പഞ്ചായത്തുകളിലെ ആർ. ആർ. ടി വളണ്ടിയർമാർ മുഖേന തിരഞ്ഞെടുത്ത വാർഡുകളിലാണ് പദ്ധതി നടപ്പാക്കുക. ജില്ലാ ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഡിസ്പെൻസറി മെഡിക്കൽ ഓഫീസർമാർ മുഖേന ഗ്രാമപഞ്ചായത്താണ് വിതരണ സംവിധാനം രൂപപ്പെടുത്തേണ്ടത്. ഡി.എം.ഒ ഡോ. സി. പ്രീത, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.കെ.മുഹമ്മദ് അക്ബർ, ഡോ.രത്‌നകുമാരി, ഡോ.മുഹമ്മദ് സലീം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ മുക്കം മുഹമ്മദിന് മരുന്ന് നൽകി ആയുർവേദ രോഗ പ്രതിരോധ മരുന്ന് വിതരണത്തിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടക്കമിട്ടു. ഡി.എം.ഒ ഡോ.മുഹമ്മദ് മൻസൂർ, നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ.സുഗേഷ് എന്നിവർ പങ്കെടുത്തു.
മൊത്തം
3.5 ലക്ഷം ഹോമിയോ ഗുളിക
ഓരോ പഞ്ചായത്തിനും
5000 ഗുളിക വീതം
.