pk-kunhalikutty

മലപ്പുറം: പ്രവാസികളുടെ വിഷയത്തിൽ പ്രധാനമന്ത്രിയുമായി പ്രത്യേക വീഡിയോ കാളിന് മുഖ്യമന്ത്രി അഭ്യർത്ഥിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളും അവരുടെ അടിയന്തരപ്രശ്നങ്ങളിൽ ഇത്തരത്തിൽ ഇടപെടുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രവാസികളുള്ള സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ അടിയന്തര പ്രശ്നം പ്രവാസിസമൂഹത്തിന്റെ തിരിച്ചുവരവാണ്. ഇനിയുമിത് വൈകിക്കാനാവില്ലെന്ന് പ്രധാനമന്ത്രിയെ ബോദ്ധ്യപ്പെടുത്തണം. തുടക്കത്തിൽ കുറച്ചുപേരെയെങ്കിലും കൊണ്ടുവന്നാൽ ഗൾഫ് രാജ്യങ്ങളുടെ ഭാരം കുറയ്ക്കാം. സംസ്ഥാനത്തിന് പുറത്തുള്ള നഴ്സുമാരുടെ വിഷയത്തിലും മനുഷ്യത്വപരമായ സമീപനമെടുക്കണം. സാലറി ചലഞ്ചിലൂടെ ശേഖരിക്കുന്ന ഫണ്ട് കൊവിഡ് മൂലമുള്ള ദുരിതങ്ങൾ കുറയ്ക്കാൻ ഉപയോഗിക്കണം. വകമാറ്റിയാൽ ശക്തമായി എതിർക്കും. സ്‌പ്രിൻക്‌ളർ വിവാദത്തിൽ സമിതിയെ നിയോഗിക്കുകയല്ല, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി നേരെ ചൊവ്വേ മറുപടി പറയുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.