blood

വടകര: ലോക്ക് ഡൗണിൽ ബ്ലഡ് ബാങ്കുകളിൽ രക്തദാനത്തിനെത്താൻ പലരും മടിക്കുയാണെന്നറിഞ്ഞ് വടകരയിലെ യുവസംഘം രക്തം ദാനം ചെയ്ത് മാതൃകയായി. കോഴിക്കോട് മെഡിക്കൽ കോളേജ് എസ്.ഐ ടി.വി. ധനഞ്ജയാസിന്റെ സഹായത്തോടെ ബ്ലഡ് ബാങ്കിൽ നിന്ന് അനുമതി വാങ്ങിയാണ് രക്തദാനം നടത്തിയത്. ഇന്നലെ രാവിലെ 10.30ന് മൂന്ന് വാഹനങ്ങളിലായാണ് യുവസംഘം രക്തം നൽകാനെത്തിയത്.

മാദ്ധ്യമ പ്രവർത്തകൻ ആർ. രോഷിപാൽ, അദ്ധ്യാപകരായ രജീഷ് തേറത്ത്, ഇസ്മയിൽ പറമ്പത്ത്, ടി.വി. സച്ചിൻ, സിനിമ സഹസംവിധായകൻ പ്രതാപ് മൊണാലിസ, എം.കെ. ഷനിൽ, ഹുസൈൻ പതിയാരക്കര, വിജിൽ കുമാർ എന്നിവരാണ് രക്തം ദാനം ചെയ്തത്. ലോക്ക് ഡൗൺ ആദ്യ ദിനം മുതൽ വടകരയിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ചായയും ലഘു ഭക്ഷണവും നൽകുന്നത് യുവസംഘമാണ്.