കൽപ്പറ്റ: അറുപത്തഞ്ച് വയസ്സിന് മുകളിലുള്ളവർ അത്യാവശ്യ കാര്യങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങി നടന്നാൽ വീട്ടുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ് 19 രോഗ പ്രതിരോധ നടപടികളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനായി ജില്ലയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ.

രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ പ്രായം കൂടിയവർ ഇറങ്ങി നടക്കുന്നത് അവരുടെ തന്നെ ആരോഗ്യത്തിന് ഭീഷണിയാണ്. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ആളുകൾ കടകളിലും നിരത്തുകളിലും ഇടപഴകുന്നുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. പ്രായമായവരുടെ ആവശ്യങ്ങൾ നിർവഹിച്ച് നൽകാനുള്ള ഉത്തരവാദിത്തം മക്കൾക്കുണ്ട്. പ്രായമായവരെ റേഷൻ കടകളിലും മറ്റു കടകളിലും അയയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
തുറന്ന് പ്രവർത്തിക്കുന്ന കടകളിലും ഹോട്ടലുകളിലും കളക്ടർ പരിശോധന നടത്തി. സാനിറ്റൈസർ, മാസ്‌ക് എന്നിവ ഉപയോഗിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പ്രവർത്തിച്ച കടകൾക്കെതിരെ പിഴ ചുമത്തി. പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാത്ത കടകളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലയിൽ ആകെ 1309 പേർ നിരീക്ഷണകാലം പൂർത്തിയാക്കി

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ കഴിഞ്ഞ 1309 പേർ കൂടി നിരീക്ഷണകാലം പൂർത്തിയാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണം പൂർത്തിയാക്കിയവരുടെ എണ്ണം മൊത്തം 11555 പേരായി. ബുധനാഴ്ച ജില്ലയിൽ 29 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2192 ആണ്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നത് എട്ട് പേരാണ്. ജില്ലയിൽ നിന്ന് പരിശോധനയ്ക്കയച്ച 284 സാമ്പിളുകളിൽ നിന്ന് 269 എണ്ണത്തിന്റെ ഫലം ലഭിച്ചു. 14 എണ്ണത്തിന്റെ പരിശോധന ഫലം ലഭിക്കാൻ ഉണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്ററുകളിൽ 2175 വാഹനങ്ങളിലായി എത്തിയ 3293 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതിൽ ആർക്കും രോഗ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.

മറ്റു ജില്ലകളിലെ ജീവനക്കാർക്ക്
പോയിവരാൻ ആകില്ല

മറ്റു ജില്ലകളിൽ നിന്ന് വയനാട്ടിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ദിവസവും വീട്ടിൽ പോയി വരുന്നതിനു അനുവാദം നൽകില്ലെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള പറഞ്ഞു. ആഴ്ചയിൽ ഒരിക്കൽ പോയിവരുന്നത് പരിഗണിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾക്ക് ഫയർഫോഴ്സിനെയോ പൊലീസിനെയോ ബന്ധപ്പെടാം. ഹോട്ട്സ്‌പോട്ട് ജില്ലകളിൽ നിന്നൊഴികെ മറ്റു ജില്ലകളിൽ നിന്ന് സിമന്റ് കൊണ്ടുവരാൻ അനുമതിയുണ്ട്. ജില്ലാ അതിർത്തികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ആർ.ടി.ഒ യുടെ നേതൃത്വത്തിൽ ടീമിനെ ഏർപ്പെടുത്തിയിട്ടുണ്ട്.