കൽപ്പറ്റ: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓപ്പറേഷൻ സാഗർ റാണി പരിശോധനയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും, ഫിഷറീസ് വകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ ഉപയോഗശൂന്യമല്ലാത്ത മത്സ്യം കണ്ടെത്തി നശിപ്പിച്ചു. കൽപ്പറ്റ, മീനങ്ങാടി, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ മത്സ്യ മൊത്തവ്യാപാര വിതരണ സ്ഥാപനങ്ങളിൽ നടത്തിയ രാത്രികാല പരിശോധനയിലാണ് കൽപ്പറ്റ മാർക്കറ്റിൽ നിന്ന് ഉപയോഗയോഗ്യമല്ലാത്ത 50 കിലോ വാള മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചത്.
പുലർച്ചെ 2 മണിക്ക് നടത്തിയ പരിശോധനയ്ക്ക് കോഴിക്കോട് ഡെപ്യൂട്ടി ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കെ.വി ഷിബു, ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പി.ജെ വർഗ്ഗീസ്, ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ കെ.എം വിനോദ് കുമാർ, കെ.സുജയൻ, നിമിഷ ഭാസ്‌കർ എന്നിവരും ഫിഷറീസ് ഉദ്യോഗസ്ഥരായ സന്ദീപ്. കെ. രാജു, ആഷിക്ക് ബാബു, ശ്യാം കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. സിഫ്റ്റ് റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ അമോണിയ, ഫോർമാലിൻ എന്നീ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല.
(ചിത്രം)