പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ മറ്റൊരു കർഷകൻ കൂടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാർഷിക ഉൽപ്പന്നം സംഭാവനയായി നൽകി. മുള്ളൻകൊല്ലി പഞ്ചായത്ത് അംഗം പാള കൊല്ലിയിലെ ഷെൽജൻ ചാലക്കലാണ് രണ്ട് ക്വിന്റൽ കുരുമുളക് സംഭാവന നൽകിയത്. കുരുമുളക് സി.കെ.ശശീന്ദ്രൻ എം എൽ എ ഏറ്റുവാങ്ങി.

ഒരു വർഷം മുമ്പ് ഷെൽജന്റെ മകൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന സാനിയ കാൻസർ രോഗം ബാധിച്ച്

മരണപ്പെട്ടിരുന്നു. നാട്ടുകാരിൽ നിന്ന് ഷെൽജന് അന്ന് സഹായം ലഭിച്ചിരുന്നു. ആപത്ഘട്ടത്തിൽ പൊതുസമൂഹം സഹായിച്ചതിന്റെ നന്ദി ഈ അവസരത്തിൽ രേഖപ്പെടുത്തുന്നതായും, മകളുടെ ഓർമ്മയ്ക്ക് കൂടിയാണ് ഇത് ചെയ്തതെന്ന് ഷെൽജൻ പറഞ്ഞു.

ഇത്തവണത്തെ വിളവെടുത്ത് കിട്ടിയ കുരുമുളകാണ് സംഭാവന നൽകിയത്. 70,000 ത്തോളം രൂപ വിലവരുന്ന കുരുമുളക് സംഭാവന ചെയ്ത ഷെൽജന്റെ നല്ല മനസിന് സി.കെ.ശശീന്ദ്രൻ എം.എൽ എ നന്ദി പറഞ്ഞു.
കഴിഞ്ഞയാഴ്ച്ച ശശിമലയിലെ കർഷകനായ കവളക്കാട്ട് റോയി 10 ടൺ കപ്പ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയിരുന്നു.