പുൽപ്പള്ളി: വിരമിക്കുന്ന വേളയിൽ സഹപ്രവർത്തകർക്കും, സുഹൃത്തുക്കൾക്കും വിരുന്നൊരുക്കാനായി സൂക്ഷിച്ച് വെച്ച പണം അദ്ധ്യാപകൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. കല്ലുവയൽ ജയശ്രീ സ്‌കൂളിലെ യു.പി വിഭാഗം മലയാളം അദ്ധ്യാപകനായ കെ.ജി.സുകുമാരനാണ് കൊവിഡ് കാലത്ത് മാതൃകയാവുന്നത്. കഴിഞ്ഞ 30ന് വിരമിച്ച സുകുമാരൻ പുൽപ്പള്ളിയിലെ കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവ് ക്ലിനിക്കിനാണ് തുക കൈമാറിയത്. കാരുണ്യ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ സെക്രട്ടറി കൂടിയാണ് ഈ അദ്ധ്യാപകൻ. പുൽപ്പള്ളിയിലെ പാലിയേറ്റീവ് ക്ലിനിക്കിന് കീഴിൽ 27 വൃക്കരോഗികളും, 425 കിടപ്പുരോഗികളുമാണുള്ളത്. ഇവരുടെ മരുന്ന്, ചികിത്സ, ഭക്ഷണം, വാട്ടർബെഡ് എന്നിങ്ങനെയുള്ള ചെലവുകൾ വഹിക്കുന്നത് ഇവർ തന്നെയാണ്. പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപയാണ് ചെലവ് വരുന്നത്. പുൽപ്പള്ളിയിലെ കടകളിൽ സംഭാവനപെട്ടി വെച്ചും, നാട്ടുകാരുടെ സഹായത്താലുമായിരുന്നു ഇത് നടത്തിവന്നിരുന്നത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഭാവനകളൊന്നും കിട്ടാതായ സാഹചര്യത്തിലാണ് സുകുമാരൻ തുക കൈമാറിയത്.