കുന്ദമംഗലം: ലോക്ക് ഡൗൺ വേളയിൽ ചെലവൂർ പള്ളിത്താഴത്ത് കട്ടയാട്ട് പറമ്പിലെ അനൂപിന്റെ വീട് സംഗീതസാന്ദ്രമാണ്. പാട്ടുകാരൻ കുടുംബനാഥനായ അനൂപ് തന്നെ. പിന്നണിയിൽ മക്കളും.
വർക്ക് ഷോപ്പ് തൊഴിലാളിയായ അനൂപിന് വലിയ ഗാനമേളകളിലൊന്നും പാടാനായിട്ടില്ല. പക്ഷെ, കല്ല്യാണവീടുകളിലും റസിഡന്റ്സ് വാർഷികങ്ങളിലും ഈ കുടുംബത്തിന്റെ 'റിഥം' ബാൻഡ് പ്രശസ്തമാണ്. നാലു മക്കളിൽ മൂന്നു ആൺകുട്ടികളാണ് അനൂപിന് പിന്നണി വായിക്കുന്നത്. മലബാർ ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളായ അജയ് കീബോർഡിലും അഭയ് ഗിറ്റാറിലും ഇളയ മകൻ അർജുൻ ഡ്രംസിലും (ജാസ്) ചെറുപ്രായത്തിലേ പരിശീലനം നേടിയവരാണ്. കേരള സർവകലാശാല ഹോക്കി താരമായ മൂത്ത മകൾ അക്ഷരയും അമ്മ മിനിയും കട്ട സപ്പോർട്ടുമായി പിന്നിലുണ്ട്.