കോഴിക്കോട്: ജില്ലയിലെ റെഡ് സോൺ നിയന്ത്രണങ്ങൾ മറികടന്ന് നഗരത്തിൽ പലപ്പോഴും തിരക്ക് കൂടുന്നു. പ്രധാന പൊലീസ് ചെക്ക് പോസ്റ്റുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയാണ്.
അവശ്യസാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് പുറമെ അനാവശ്യ കാരണങ്ങളുമായി കൂടുതൽ പേർ പുറത്തിറങ്ങുന്നതാണ് പ്രശ്നം. ജനം കൂട്ടത്തോടെ പൊതുനിരത്തിൽ ഇറങ്ങുമ്പോൾ പൊലീസ് കുഴങ്ങുകയാണ്.
സൂപ്പർ മാർക്കറ്റുകളിൽ തിരക്ക്
റോഡുകളിലെന്ന പോലെ സൂപ്പർ മാർക്കറ്റുകൾക്ക് മുൻപിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അകലം പാലിക്കാതെയാണ് പലരും സൂപ്പർ മാർക്കറ്റുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നത്. നടക്കാവ് പൊലീസ് സ്‌റ്റേഷൻ പരിസരത്തെ രണ്ട് സൂപ്പർ മാർക്കറ്റുകൾക്ക് മുന്നിലും തിരക്കൊഴിഞ്ഞ സമയമില്ല. പലപ്പോഴും പൊലീസ് എത്തിയാണ് കൂടി നിൽക്കുന്നവരെ മാറ്റുന്നത്. പൊലീസ് പരിശോധനയുണ്ടെങ്കിലും കാറുകളും ഇരുചക്രവാഹനങ്ങളും നഗരത്തിൽ തലങ്ങും വിലങ്ങും ഓടുന്നുണ്ട്. പല സൂപ്പർ മാർക്കറ്റുകൾക്ക് മുന്നിലും വാഹനങ്ങളുടെ നീണ്ട നിരയാണ്.
മാസ്ക് മുഖ്യം
നഗരവാസികളാണ് കൂടുതലും പുറത്തിറങ്ങുന്നതെന്നാണ് പൊലീസ് പറയുന്നത്. ചില കടകളിൽ അഞ്ചിലധികം പേരാണ് ഒരേ സമയം കയറുന്നത്. പലരും മാസ്ക് ധരിക്കുന്നില്ല. കടകൾക്ക് മുന്നിൽ കൈകഴുകാനോ സാനിറ്റൈസറോ വയ്ക്കണമെന്ന നിബന്ധനകളും അവഗണിക്കുകയാണ്. ഇരുചക്രവാഹനങ്ങളേക്കാൾ കൂടുതൽ കാറുകളാണ് നിരത്തിലിറങ്ങുന്നത്. പൊലീസ് പരിശോധനയില്ലാത്ത റോഡുകൾ നോക്കിയാണ് പലരും നഗരത്തിൽ എത്തുന്നതെന്ന പരാതിയുണ്ട്.