കൽപ്പറ്റ: ജില്ലയിൽ കുരങ്ങുപനി ബാധിച്ച് ഒരുമരണം കൂടി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ കാട്ടിക്കുളം ബേഗൂർ ആദിവാസി കോളനിയിലെ മാരി ഈമാസം 13ന് മരിച്ചത് കുരങ്ങുപനി കാരണമാണെന്ന് സ്ഥരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പരിശോധനാഫലം വന്നത്. ഇതോടെ കുരങ്ങുപനി ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
രോഗബാധിതരായ അഞ്ചുപേർ ഇപ്പോൾ ചികിത്സയിലുണ്ട്. ഇതോടെ ഈ വർഷം കുരങ്ങുപനി ബാധിച്ചവരുടെ എണ്ണം 26 ആയിട്ടുണ്ട്. അതേസമയം, 5000 ഡോസ് പ്രതിരോധ വാക്‌സിൻ കർണാടകത്തിൽ നിന്ന് എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ഡോ.അദീല അബ്ദുളള അറിയിച്ചു. സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ഡോ.കർണന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘവും പ്രവർത്തിക്കുന്നുണ്ട്.