mulbari
പൂവിട്ട ബ്രസിലിയൻ മൾബെറി ചെടിയ്ക്കരികെ സലിം കോമത്ത്

 പൂത്തു കായ്ച്ചത്

1. ബ്രസീലിയൻ മൾബെറി

2. ചെമ്പടാക്ക്

3. പീനട്ട് ബട്ടർ

4. മിലിട്ടറി സപ്പോട്ട

5. കാരൻ പോള

6. ബ്രസിലിയൻ മൾബെറി

കുറ്റ്യാടി: പ്രവാസിയായ സലിം കോമത്തിന്റെ പരീക്ഷണം പാഴായില്ല. ഇവിടെ നാട്ടിലെ മണ്ണിൽ വിദേശ ഫലവൃക്ഷങ്ങൾ പലതും നല്ലപോലെ തന്നെ വിളയിക്കാമെന്ന് തെളിയിക്കാൻ കഴിഞ്ഞിരിക്കുകയാണ് ഇദ്ദേഹത്തിന്.

കൊവിഡ് 19 വ്യാപനത്തെ തുടർന്ന് ലോകമൊട്ടുക്ക് ലോക്ക് ഡൗണിൽ വീണതോടെ ഖത്തറിലേക്ക് മടങ്ങാനാവാതെ വന്നപ്പോൾ പിന്നെ നല്ലൊരു പങ്കു സമയവും കൃഷിയുടെ ലോകത്ത് തന്നെയായി. ഇപ്പോൾ ഈ പരിചരണകാലത്ത് തന്നെ പലതും വിളഞ്ഞുതുടങ്ങിയതിൽ വലിയ സന്തോഷത്തിലാണ് സലിം.

ഖത്തറിലെ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന കക്കട്ടിൽ നരിപ്പറ്റ റോഡിലെ സലിമിന് നേരത്തെ തന്നെയുണ്ട് കൃഷിയിൽ കമ്പം. വീടിനോട് ചേർന്നുള്ള വളപ്പിൽ തന്നെയാണ് ഇദ്ദേഹം ഇവിടങ്ങളിൽ പൊതുവെ കാണാത്ത വിദേശ ഇനങ്ങൾ നട്ടുവളർത്തിയിരിക്കുന്നത്. ലോകത്തിലെ എറ്റവും നീളം കൂടിയതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രസീലിയൻ ബറി, മിൽക്ക് ഫ്രൂട്ട്, ലോഗൺ ഫ്രൂട്ട്‌, ഡ്രാഗൺ ഫ്രൂട്ട്, പീനട്ട് ബട്ടർ, പനാമ റെഡ് പാഷൻ ഫ്രൂട്ട്, റെഡ് ലേഡി പപ്പായ അങ്ങനെ നീളുന്നു തോട്ടത്തിലെ നിര. പനനീർ ചാമ്പ, ചമ്പടാക്ക്, മലയൻ ചാമ്പ, മാങ്കോസ്റ്റീൻ, മധുര അമ്പയം, ശീതപ്പഴം, റോളിനോ, മുള്ളാത്ത തുടങ്ങിയവയ്ക്കു പുറമെ വിവിധ ഇനം പേര, തായ്‌ മാവ് , വിയറ്റ്നാം ഏർളി പ്ലാവ്, മിലിട്ടറി സപ്പോട്ട, മുന്തിരി, റംബുട്ടാൻ, മധുര സ്റ്റാർഫ്രൂട്ട്സ് (കാരബോള), നെല്ലി, രാംഗംങ, കുള്ളൻ തെങ്ങ് , ഇന്റർ മംഗള കുള്ളൻ കമുങ്ങ്, ടി ഇന്റു ടു ഡി തെങ്ങ്, ഗംഗ ബോണ്ട കുള്ളൻ തെങ്ങ് എന്നിവയുമുണ്ട് ഇവിടെ.

ഇപ്പോൾ റംബുട്ടാൻ, ബ്രസീലിയൻ മൾബെറി, ചെമ്പടാക്ക്, പീനട്ട് ബട്ടർ, മിലിട്ടറി സപ്പോട്ട, മുന്തിരി, കാരൻ പോള എന്നിവയാണ് പൂത്ത് ഫലമായത്. വരുംദിവസങ്ങളിൽ ലോഗൻ, ഡ്രാഗൺ മാങ്കോസ്റ്റിൻ എന്നിവ പൂവിടുമെന്ന പ്രതീക്ഷയിലാണ്. ഇവ കൂടാതെ സീറ മുളക്, ചീര, വഴുതിനങ്ങ, തക്കാളി, വെണ്ട, കയ്പ, പയർ, കക്കിരി, കോവക്ക

എന്നിവയും കൃഷി ചെയ്യുന്നുണ്ട്.

പനാമ പർപ്പിൾ പാഷൻ ഫ്രൂട്ട്, മുള്ളാത്ത, ആപ്പിൾ ചാമ്പ, പനനീർ ചാമ്പ എന്നിവയും പുരയിടത്തുണ്ട്. സ്വയം ആർജിച്ചെടുത്ത കൃഷി അറിവുകൾ മറ്റുള്ളവരിലേക്കെത്തിക്കാനും മറക്കാറില്ല സലിം. കുറ്റ്യാടി കൃഷിക്കൂട്ടം വാട്ട്സ് ആപ്പ് കൂട്ടായ്മയിലെ സജീവ അംഗമാണ് ഇദ്ദേഹം.

''ഖത്തറിൽ നിന്നു നാട്ടിൽ വരുമ്പോഴൊക്കെ വിദൂരദേശങ്ങളിൽ നിന്നു പോലും ശേഖരിച്ച ഫലവൃക്ഷത്തൈകൾ കരുതാറുണ്ട്. പലതും ഇപ്പോൾ കായ്ച്ചു തുടങ്ങിയത് ലോക്ഡൗൺ കാലത്തെ സ്പെഷൽ പരിചരണം കൊണ്ടാവാം

സലിം കോമത്ത്