കൽപ്പറ്റ: ജില്ലയിലെ രണ്ടാംഘട്ട സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം 27 ന് തുടങ്ങും. ഈ ഘട്ടത്തിൽ പിങ്ക് കാർഡ് ഉടമകൾക്കാണ് കിറ്റുകൾ ലഭിക്കുക. ജില്ലയിൽ 67,438 പിങ്ക് കാർഡ് ഉടമകളാണുള്ളത്. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം സാമൂഹിക അകലം പാലിച്ച് അതത് റേഷൻ കടകൾ വഴിയാണ് ഇവ വിതരണം ചെയ്യുക. കൊവിഡ് 19 രോഗ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്റെ നിർദേശ പ്രകാരം എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യ കിറ്റ് നൽകുന്നത്.

റേഷൻ കാർഡ് നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിലാണ് വിതരണം ചെയ്യുന്ന തീയ്യതി ക്രമീകരിച്ചിട്ടുള്ളത്.

പൂജ്യം അക്കത്തിൽ അവസാനിക്കുന്ന കാർഡുകൾക്ക് ഏപ്രിൽ 27 ന് നൽകും. 28ന് ഒന്ന്, 29ന് രണ്ട്, 30ന് മൂന്ന്, മെയ് 2ന് നാല്, മെയ് 3ന് അഞ്ച്, 4ന് ആറ്, 5ന് ഏഴ്, 6ന് എട്ട്, 7ന് ഒമ്പത് എന്നീ ക്രമത്തിലാണ് വിതരണം നടത്തുക.

ആദ്യഘട്ടത്തിൽ മഞ്ഞ കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം പൂർത്തിയായി. നീല, വെള്ള കാർഡ് ഉടമകൾക്കുള്ള കിറ്റുകൾ അടുത്ത ഘട്ടങ്ങളിലായി നൽകും.
ജില്ലയിൽ വിതരണത്തിന് ആവശ്യമായ കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചിട്ടുണ്ട്. പതിനേഴ് ഭക്ഷ്യധാന്യ വസ്തുക്കൾ ഉൾപ്പെടുന്നതാണ് കിറ്റുകൾ. എല്ലാ സപ്ലൈകോയിലും പ്രത്യേകം മുറികൾ സജ്ജീകരിച്ച് സപ്ലൈകോ ജീവനക്കാർ, സന്നദ്ധ സംഘടന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റ് തയ്യാറാക്കുന്നത്.
(ചിത്രം)