സുൽത്താൻ ബത്തേരി: കാട്ടാനകളെ വനത്തിൽനിന്ന് പുറത്തുകടക്കുന്നത് തടയുന്നതിനായി തുടങ്ങിയ റെയിൽപാള വേലിയുടെ പ്രവൃത്തി ലോക്ഡൗണിനെ തുടർന്ന് നിർത്തിവച്ചതോടെ കാട്ടാനകൾ കൂട്ടമായി നാട്ടിലിറങ്ങാൻ തുടങ്ങി.

വേലിനിർമ്മാണം അവസാനഘട്ടത്തിലെത്തിനിൽക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. നിർമ്മാണ സാമഗ്രികൾ വനത്തിനുള്ളിലേക്ക് കൊണ്ടുപോകുന്നതിനായി കക്കടം, ചപ്പകൊല്ലി രണ്ടാംഗെയിറ്റ് ഭാഗങ്ങളിൽ നിർമ്മിച്ച വഴിയിലൂടെയാണ് ഇപ്പോൾ കാട്ടാനകൾ കൂട്ടമായി എത്തുന്നത്.
സുൽത്താൻ ബത്തേരി നഗരസഭ പരിധിയിലേയും പൂതാടി ഗ്രാമ പഞ്ചായത്തിലേയും 10 കിലോമീറ്റർ ദൈർഘ്യത്തിൽ കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന് കീഴിലായാണ് റെയിൽപാളവേലി നിർമ്മിക്കുന്നത്. പഴുപ്പത്തൂർ, കക്കടം, ചപ്പകൊല്ലി, ഗ്രാമങ്ങളിൽ നിന്നാരംഭിച്ച് വാകേരി ചുറ്റി സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി ഗ്യാരേജ് പരിസരത്ത് അവസാനിക്കുന്ന വിധമാണ് വേലിയുടെ നിർമ്മാണം.

ഇത്തരത്തിലുള്ള സംസ്ഥാനത്തെ ആദ്യ സംരംഭമാണിത്.
കഴിഞ്ഞ വർഷമാണ് 15 കോടിരൂപ ചെലവിൽ കൽക്കട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനി വേലിയുടെ പ്രവൃത്തി ഏറ്റെടുത്തത്. പ്രതികൂല കാലാവസ്ഥ കാരണം പണി ഉടൻ തുടങ്ങാനായില്ല. കാലാവസ്ഥ നന്നായപ്പോൾ സാധനങ്ങൾ കിട്ടാതായി. സാധനങ്ങൾ സംഘടിപ്പിച്ച് പണി തുടങ്ങിയപ്പോഴാണ് കൊവിഡ് വ്യാപനവും ലോക് ഡൗണും. ഇതോടെ എല്ലാം നിശ്ചലമായി. അതിനിടെ റെയിൽപാള വേലിയുടെ നിർമ്മാണ സാമഗ്രികൾ കാട്ടിനുള്ളിലേക്ക് ട്രാക്ടറിൽ കൊണ്ടുപോകുന്നതിനായി ഉണ്ടാക്കിയ വഴി ഒഴികെ വനത്തിന് ചുറ്റും വേലി നിർമ്മിച്ചു കഴിഞ്ഞിരുന്നു. ഇതോടെ കാട്ടാനകൾ ഇതുവഴി പുറത്തേക്ക് എത്താൻ തുടങ്ങി.
ചപ്പകൊല്ലി ,കക്കടം ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്. വേലി കെട്ടുന്നതിന് മുമ്പ് കാട്ടാനകൾ പലവഴിക്കായിരുന്നു നാട്ടിൻപുറങ്ങളിലേക്ക് ഇറങ്ങിയിരുന്നതെങ്കിൽ വേലിയുടെ നിർമ്മാണ സാധനങ്ങൾ കാട്ടിലേക്ക് കൊണ്ടുപോകുന്നതിനായി ഒഴിച്ചിട്ട വഴിയിലൂടെയാണ് ആനയുടെ വരവ്. ആനശല്യം കാരണം ആളുകൾക്ക് പകൽ സമയങ്ങളിൽപോലും പുറത്തിറങ്ങാൻ കഴിയാതെയായി. കാട്ടാനകളെ തുരത്തുന്നതിനായി മുത്തങ്ങയിൽ നിന്ന് കുങ്കിയാനയെ കൊണ്ടുവന്ന് ശ്രമം തുടരുകയാണ്.

ഫോട്ടോ
കാട്ടാനകളെ ഉൾവനത്തിലേക്ക് ഓടിക്കുന്നതിനായി കൊണ്ടുവന്ന കുങ്കിയാനകൾ.