സുൽത്താൻ ബത്തേരി: കൊറോണ വ്യാപന സമയത്ത് ദുരിതമനുഭവിച്ച് തെരുവിൽ കഴിഞ്ഞിരുന്ന തങ്ങൾക്ക് ഭക്ഷണവും വസ്ത്രവും മരുന്നും താമസ സൗകര്യവും ഒരുക്കി തന്നവരോട് വ്യത്യസ്തരീതിയിൽ കടപ്പാട് അറിയിക്കുകയാണ് ഇവർ. തങ്ങളുടെ ജീവൻ രക്ഷിച്ചതിന് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിൽ നിന്നാണ് നഗരസഭയുടെ കീഴിലുള്ള ഒമ്പത് വിദ്യാലയങ്ങളിൽ പച്ചക്കറി തോട്ടം നിർമ്മിക്കാൻ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചവർ തീരുമാനിച്ചത്.
ബത്തേരി പട്ടണത്തിലെ തെരുവോരങ്ങളിൽ കഴിഞ്ഞുവന്ന നാൽപ്പത്തിയേഴ് പേരെ കോവിഡിന്റെ പശ്ചാത്തലത്തിൽ കുപ്പാടി സ്‌കൂളിൽ പ്രത്യേക ക്യാമ്പ് ഒരുക്കിയാണ് ബത്തേരി നഗരസഭ സംരക്ഷിച്ചത്.

ചത്തീസ്ഗഢ് സ്വദേശികളായ അമറും സോനുവും ആന്ധ്ര സ്വദേശി ജലീലും തമിഴ്നാട്ടിൽ നിന്നുള്ള മുത്തുവുമടക്കമുള്ള ക്യാമ്പിലെ മുഴുവൻ പേരും ഒന്നിച്ച് തീരുമനിച്ചതാണ് പച്ചക്കറി തോട്ടം എന്ന ആശയം.
ആർക്കും വേണ്ടാതെ തെരുവിൽ കഴിയുന്നവരാണെങ്കിലും സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് ബോധ്യപ്പെടുത്തികൊടുക്കുകയും ഒപ്പം തെരുവിൽ കഴിയുന്നവരെ സഹായിക്കാനുള്ള മനസ് എല്ലാവരിലും ഉണ്ടാക്കുകയുമാണ് ഇതിന് പിന്നിലെ ലക്ഷ്യം.

കൃഷിഭവന്റെ ജീവനം പദ്ധതിയിലൂടെയാണ് നഗരസഭ അഞ്ച് ഇനങ്ങളിലായി അയ്യായിരത്തോളം പച്ചക്കറി തൈകൾ വിവിധ സ്‌കൂളുകളിൽ നടുന്നതിനായി എത്തിച്ചത്.
കുപ്പാടി സ്‌കൂളിൽ ആരംഭം കുറിച്ച പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ.സാബു നിർവ്വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൺ ജിഷ ഷാജി,വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.കെ.സഹദേവൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ പി.കെ.സുമതി,നഗരസഭ സെക്രട്ടറി അലി അസ്‌ക്കർ, ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ, കൃഷി ഓഫീസർ,ടി.എസ്. സുമിന .അസി.കൃഷി ഓഫീസർ ലത്തീഫ്, കൗൺസിലർമാരായ കെ.റഷിദ്, ജയപ്രകാശ് തേലമ്പറ്റ, കുപ്പാടി സ്‌കൂൾ അധ്യാപകൻ ടി.പി. സന്തോഷ്, യൂത്ത് കോർഡിനേറ്റർ ലിജോ ജോണി എന്നിവർ പങ്കെടുത്തു.

ഫോട്ടോ
കുപ്പാടി സ്‌കൂളിൽ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ.സാബു നിർവ്വഹിക്കുന്നു.

അന്തേവാസികൾക്ക് പ്രതിഫലവും
പച്ചക്കറി കൃഷിയിലേർപ്പെടുന്ന ക്യാമ്പിലെ അന്തേവാസികൾക്ക് നിശ്ചിത തുക പ്രതിഫലമായി നൽകാൻ ബത്തേരി നഗരസഭ തീരുമാനിച്ചു. തുക ഇവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കാനാണ് തീരുമാനം. ഇവരെ വീണ്ടും തെരുവിൽ അന്തിയുറങ്ങാൻ വിടാതെ സുരക്ഷിതമായ താമസ സൗകര്യമൊരുക്കുന്നതിനായി പദ്ധതി തയ്യാറാക്കുന്നുണ്ട്.
വിദ്യാർത്ഥികൾക്ക് വിഷരഹിത പച്ചക്കറികൾ നൽകുന്നതിന് വേണ്ടി സ്‌കൂളുകളിൽ ഒരുക്കുന്ന പച്ചക്കറി തോട്ടങ്ങളിൽ ഇനിമുതൽ കിഴങ്ങ് വിളകൾക്ക് പ്രാധാന്യം നൽകികൊണ്ട് കപ്പ,കാച്ചിൽ, ചേമ്പ്,ചേന എന്നിവ വിളയിക്കും. ഏറ്റവും മികച്ച പച്ചക്കറി തോട്ടത്തിന് നഗരസഭയുടെ പ്രോൽസാഹന സമ്മാനവും നൽകും.