മേപ്പാടി: കുന്നമ്പറ്റയിൽ ചെമ്പ്ര മലവാരം വനത്തിനകത്തു നിന്ന് കേഴ മാനിനെ കള്ളത്തോക്കുപയോഗിച്ച് വെടിവെച്ച് കൊന്ന് കടത്താൻ ശ്രമിച്ച കേസ്സിൽ പിടികിട്ടാനുണ്ടായിരുന്ന 6 പേരെയും വെടി വെക്കാനുപയോഗിച്ച തോക്കും വനപാലകർ കസ്റ്റഡിയിലെടുത്തു. മണിയങ്കോട് സ്വദേശികളായ എൻ.സി.വിനയചന്ദ്രൻ (27), എൻ.ബി.വിനോദ് കുമാർ (33), എൻ.ആർ.കുഞ്ഞിരാമൻ (45), എൻ.ബി.ഹരീഷ് ബാബു (22), വി.വിഷ്ണു (25), പി.മോഹൻ (37) എന്നിവരാണ് അറസ്റ്റിലായത്. 2 പേർ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ഇന്നലെ അറസ്റ്റിലായവരെ കോടതി റിമാന്റ് ചെയ്ത് കണ്ണൂർ ജയിലിലേക്കയച്ചു. പ്രതികളിൽ നിന്ന് തോക്കിൽ നിറയ്ക്കാനുളള വെടിമരുന്നും, ഹെഡ്‌ലൈറ്റുകളും വേട്ടയ്ക്കുപയോഗിക്കുന്ന മറ്റുപകരണങ്ങളും പിടിച്ചെടുത്തു.

എല്ലാ പ്രതികളെയും തോക്കും പിടികൂടിയ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ബാബുരാജിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരെ അനുമോദിക്കുന്നതായി സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ പി.രഞ്ജിത്കുമാർ അറിയിച്ചു.
മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ. ബാബുരാജ്, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ അഭിലാഷ്.കെ.പി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.ആർ വിജയനാഥ്, കെ. ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ രഞ്ജിത്. എം.എ, ബിനീഷ്.പി.പി എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.