ശ്രീകൃഷ്ണപുരം: ഉപയോഗ ശേഷമുള്ള ഗ്ലാസ് ബോട്ടിലുകൾ മനുഷ്യർക്ക് ഉപദ്രവമല്ലെന്നും അവയെ അലങ്കാര വസ്തുക്കളാക്കി മാറ്റാമെന്നും ലോക്ക് ഡൗൺ കാലത്തെ ഒഴിവുവേളയിൽ തെളിയിക്കുകയാണ് അമൃത എന്ന ചിത്രകാരി. മനുഷ്യരാശി തന്നെ ഒരു മഹാമാരിക്കടിമപ്പെട്ട് വീട്ടിനുള്ളിൽ കഴിയുമ്പോൾ തന്റെതായ ഭാവനയിൽ വിരസതക്ക് വിട നൽകി ചിത്രരചനയുടെ തിരക്കിലാണ് അമ്പലപ്പാറ എ.വി.നിവാസിൽ അമൃത.
ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ വിവിധ വർണങ്ങളിൽ 20ലധികം ചിത്രങ്ങൾ തീർത്തു. ഒഴിഞ്ഞ കുപ്പികൾ വൃത്തിയാക്കി ഫാബ്രിക് പെയിന്റും വാട്ടർ കളറും ഉപയോഗിച്ചാണ് വര. കൊഴിഞ്ഞുവീണ ഇലകളിൽ തൃശൂർ പൂരം വരച്ചെടുത്തും കരവിരുത് തെളിയിച്ചു. കൂടാതെ വിവിധ വർണ്ണങ്ങളുള്ള അപൂർവ ഇനം പക്ഷികളും ഉണങ്ങിയ ഇലയിൽ വരച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.കെ.ഷൈലജ എന്നിവരുടെ സ്‌കെച്ച് രൂപവും തയ്യാറാക്കി. ഫാഷൻ ഡിസൈൻ കഴിഞ്ഞ് ബ്യൂട്ടിഷൻ കോഴ്സ് ചെയ്യുകയാണ് അമൃത. അച്ചൻ ഗോപിയും അമ്മ രാധയും സഹോദരങ്ങളും പ്രോത്സാഹനമായി ഒപ്പമുണ്ട്.